തൃശ്ശൂർ: വൈഗ കൃഷി ഉന്നതി മേളയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഫെബ്രു. 10 മുതൽ 14 വരെ വൈഗ ഓൺ വീൽസ് വാഹന പ്രദർശന വിപണന യൂണിറ്റ് എത്തും. ഇതിൽ പഴം, പച്ചക്കറികളിലെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ, തേൻ, പച്ചക്കറി വിത്തുകൾ എന്നിവ പ്രദർശനത്തിനും വിപണനത്തിനുമായുണ്ടാകും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, കേരള കാർഷിക സർവകലാശാല, വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നീ സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഈ വാഹനങ്ങൾ രണ്ടു മുതൽ മൂന്നു മണിക്കൂർ സമയമാണ് പ്രദർശനത്തിനായി ക്രമീകരിക്കുക. സമയക്രമം അതത് കൃഷിഭവനുകളിൽ ലഭ്യമാണ്. ബസ് നമ്പർ 1 വടക്കാഞ്ചേരി പഴയന്നൂർ ബ്ളോക്കുകൾക്ക് വേണ്ടിയും ബസ് നമ്പർ 2 ചാലക്കുടി, മാള ബ്ലോക്കുകൾക്കായും ബസ് നമ്പർ 3 മതിലകം വെള്ളാങ്കല്ലൂർ, ബസ് നമ്പർ 4 തളിക്കുളം ചാവക്കാട്, ബസ് നമ്പർ 5 മുല്ലശ്ശേരി ചൊവ്വന്നൂർ, ബസ് നമ്പർ 6 പുഴക്കൽ അന്തിക്കാട്, ബസ് നമ്പർ 7 ഒല്ലൂക്കര ചേർപ്പ്, നമ്പർ 8 ഇരിങ്ങാലക്കുട കൊടകര ബ്ലോക്കുകളിലേക്കും ആയാണ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശന സമയം. മൈക്ക് ഓൺ വീൽസ് ജില്ലയിലെ എല്ലാ കൃഷിഭവനുകളുടെ പരിധിയിലും എത്തും. ഈ വാഹനവ്യൂഹം അതത് പഞ്ചായത്തുകളിൽ എത്തിച്ചേരുമ്പോൾ സ്വീകരിക്കുന്നതിനും പഞ്ചായത്തുകളിൽ പ്രദർശനം നടത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെയും എംഎൽഎമാരുടെയും കർഷകരുടെയും സാന്നിധ്യം ഉറപ്പാക്കും. ബ്ലോക്കുകളിൽ പ്രദർശന വാഹനങ്ങൾ എത്തുമ്പോൾ കൃഷി അസിസ്റ്റന്റിന് പൂർണമായ ചുമതല നൽകിയിട്ടുണ്ട്.