ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറിയെന്ന് സ്പീക്കര്‍

മലപ്പുറം: ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കാന്‍ ജില്ലയില്‍ ‘ സാന്ത്വന സ്പര്‍ശം’  ജനകീയ അദാലത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തുടക്കം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്  പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തില്‍ ആയിരകണക്കിന് ഗുണഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അദാലത്ത് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുകയെന്നത് ചെറിയ കാര്യമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ പോയാല്‍ കാര്യങ്ങളൊന്നും നടക്കില്ലെന്ന ജനങ്ങളുടെ സാമാന്യബോധത്തെ സര്‍ക്കാര്‍ തിരുത്തിക്കുറിച്ചു. കോവിഡ് പ്രതിരോധത്തില്‍ അടക്കം സിവില്‍ സര്‍വീസ് മേഖല മാതൃകാപരകമായാണ് പ്രവര്‍ത്തിച്ചത്.  സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പൊലീസ് തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ചരിത്രമെഴുതി.

സൂക്ഷ്മതയോടെയും അവധാനതയോടെയും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഓരോ സര്‍ക്കാര്‍ വകുപ്പും ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് നിരന്തരം ശ്രമിക്കുകയാണ്. ഇതിനിടയിലാണ് അടിയന്തര പ്രശ്ന പരിഹാരത്തിനായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലര വര്‍ഷം സാമൂഹിക ക്ഷേമ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായ കാലമാണിതെന്ന്് ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് കേരള ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അതിഗംഭീരമായ ഇടപെടലുകളാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ നടത്തിയത്. ഇത് സമൂഹത്തിന്റെ പൊതുവായ സുരക്ഷയ്ക്ക് തുണയായി. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തെ ഒന്നായാണ് കണ്ടത്.

രാഷ്ട്രീയത്തിന്റെ പേരിലുള്ള വേര്‍തിരിവുകള്‍ ഉണ്ടായില്ല. അതിനാല്‍ സര്‍വതല സ്പര്‍ശിയായ വികസന പദ്ധതികള്‍ എല്ലായിടത്തും സാധ്യമാക്കി. ഒരിക്കലും നടക്കില്ലെന്ന് പലരും കരുതിയ പദ്ധതികള്‍ നടപ്പാക്കാനായത് ഭരണനേട്ടമാണ്. ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍  നടത്തിയ കാലം മുമ്പുണ്ടായിട്ടില്ല. ഗെയില്‍, ദേശീയപാത വികസനം, കൊച്ചി ഇടമണ്‍ പവര്‍ ഹൈവെ തുടങ്ങിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണമികവിന്റെ തെളിവുകളാണെന്നും മനുഷ്യസാധ്യമായതെല്ലാം അദാലത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി ഡോ. കെടി ജലീല്‍ പറഞ്ഞു.

എത്ര വൈകിയാലും മുഴുവന്‍ അപേക്ഷകരെയും കണ്ട് പരാതികള്‍ പരിഹരിച്ച ശേഷമേ അദാലത്ത് അവസാനിപ്പിക്കുകയുള്ളൂവെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും  ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായ  എക്സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷകാര്യ-വഖഫ് സെക്രട്ടറി എ.ഷാജഹാന്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം എന്നിവര്‍ സംസാരിച്ചു. ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്വാഗതവും എ.ഡി.എം ഡോ.എംസി റജില്‍ നന്ദിയും പറഞ്ഞു.
മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തായിരുന്നു ജില്ലയില്‍ അദാലത്തിന് തുടക്കമായത്. തുടര്‍ന്ന് ടോക്കണ്‍ നല്‍കി അപേക്ഷകള്‍ ഒന്നൊന്നായി പരിഗണിക്കുകയായിരുന്നു.
സങ്കീര്‍ണവും നിയമപ്രശ്നങ്ങളില്ലാത്തതുമായ പരാതികള്‍ അദാലത്തില്‍ വച്ചു തന്നെ തീര്‍പ്പാക്കി. മന്ത്രി ഡോ.കെടി ജലീല്‍ ഭിന്നശേഷിക്കാരുടെ പരാതികള്‍ പരിഗണിച്ചപ്പോള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍,     എ.കെ ശശീന്ദ്രന്‍ എന്നിവരാണ് പരിഗണിച്ചത്. മറ്റുള്ളവ സര്‍ക്കാറിന്റെ വിശദ പരിശോധനയ്്ക്ക് കൈമാറി.
റവന്യൂ, സാമൂഹിക നീതി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, വ്യവസായം, കാര്‍ഷിക വികസന കര്‍ഷക ക്ഷേമം, തദ്ദേശസ്വയംഭരണം, ഫിഷറീസ്, കെ.എസ്.ഇ.ബി, വനിത ശിശുവികസനം, സിവില്‍ സപ്ലൈസ്, തൊഴില്‍, വാട്ടര്‍ അതോറിറ്റി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്,  ലീഡ് ബാങ്ക്, ഐടി,  പട്ടികജാതി-പട്ടിക വര്‍ഗ വികസനം,  മോട്ടോര്‍ വാഹനം, വനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ പരാതി പരിഹാര കൗണ്ടറുകളും അദാലത്തിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. അദാലത്തിനെത്തുന്നവരെ സഹായിക്കാന്‍ പ്രവേശന കവാടത്തില്‍ തന്നെ ഹെല്‍പ്പ് ഡെസ്‌ക്കും സജ്ജീകരിച്ചിരുന്നു.  വിവിധ വകുപ്പുകളിലെ 600ല്‍പ്പരം ഉദ്യോഗസ്ഥര്‍, കോവിഡ് പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു, രണ്ട് ഇന്‍സ്പെക്ടര്‍മാര്‍, അഞ്ച് എസ്.ഐമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വനിത പൊലീസ് ഉള്‍പ്പെടെ 83 സേന അംഗങ്ങള്‍ എന്നിവരെയും വിന്യസിച്ചിരുന്നു.