സംസ്ഥാന പൊതുമേഖലാ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോർത്ത് മൂല്യവർധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസ്. ഓട്ടോകാസ്റ്റിന് 27 കോടി രൂപയുടെ വാർഷിക ഓർഡർ വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ സാന്നിധ്യത്തിൽ കൈമാറി. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസ് സി ഇ ഒ എസ് ജ്ഞാനശേഖർ,  ബിസിനസ് മാനേജർ  അർഷാദ് മുഹമ്മദ് തൻവീർ, ഓട്ടോകാസ്റ്റ് എംഡി അനിൽകുമാർ, ചെയർമാൻ കെഎസ് പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികൾക്കായാണ് ക്യൂ ആൻഡ് ക്യൂ സൊല്യൂഷൻസ് ഓട്ടോകാസ്റ്റിൽ നിന്ന് കാസ്റ്റിങ്ങുകൾ വാങ്ങുന്നത്. ജെസിബി വാഹനങ്ങൾക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയർബോക്സ് സപ്പോർട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകൾക്കാണ് ഓർഡർ. പ്രതിമാസം രണ്ടേകാൽ കോടി രൂപയുടെതാണ് ഓർഡർ. മാസത്തിൽ 265 മെട്രിക് ടണിന്റെയും വർഷത്തിൽ 3200 മെട്രിക് ടണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിർമ്മിച്ച് നൽകും. മാരുതിയ്ക്കും ഇന്ത്യൻ റെയിൽവേയ്ക്കും പിന്നാലെയാണ് ഓട്ടോകാസ്റ്റ് ലിമിറ്റഡിന് കൂടുതൽ ഓർഡറുകളെത്തുന്നത്. പ്രതിമാസം 500 മെട്രിക് ടൺ ഉത്പാദനം എന്ന ലക്ഷ്യത്തോട് അടുക്കുകയാണ് സ്ഥാപനം.