ഇടുക്കി: ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ പരിപാടി നടത്തുന്നതിനും ഒപ്പം ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പ്രാധാന്യം, ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പരിധിയില്‍ വരുന്ന പദ്ധതികള്‍ എന്നിവ സംബന്ധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി ജനസമ്പര്‍ക്ക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷ്യ ഭദ്രത ക്ഷേമ പദ്ധതിയല്ല ഏവരുടെയും അവകാശമാണെന്ന് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.

ജനങ്ങളുടെ പോഷകാഹര നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യപിത ലക്ഷ്യമാണ്. ജനങ്ങളുടെ ഭക്ഷ്യ പോഷക ഭദ്രത ഉറപ്പു വരുത്തുക, ദുര്‍ബല മുന്‍ഗണന വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്നതോടൊപ്പം അത് ലഭിക്കാതിരുന്നാല്‍ അര്‍ഹരായവര്‍ക്ക് പകരം പണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുക, സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആറുമാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും പോഷകാഹാരങ്ങളും ഐസിഡിഎസ് പ്രോജക്ടുകളുടെ കീഴിലുള്ള അംഗന്‍വാടികള്‍ മുഖേന നല്‍കുക, ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളിലൂടെ സൗജന്യഭക്ഷണം ഉറപ്പുവരുത്തുക എന്നിവയൊക്കെ ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് ബി രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജില്ലാ പരാതി പരിഹാര ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ അനില്‍കുമാര്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ജില്ലാതല നോഡല്‍ ഓഫീസര്‍ മാരായ സപ്ലൈ ഓഫീസര്‍ അജയചന്ദ്രന്‍ ആശാരി, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ക്രൈസ്റ്റ് ഡേവിഡ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ശശീന്ദ്രവ്യാസ് വി എ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ജനസമ്പര്‍ക്കപരിപാടിയില്‍ കമ്മീഷന്‍ അംഗങ്ങളായ വി രമേശന്‍ പി വസന്തം വിജയലക്ഷ്മി തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥര്‍,വകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.