എറണാകുളം: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ആദ്യഹൈടക് സ്‌കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന സ്‌കൂള്‍ തല ഉദ്ഘാടനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് മാത്യുസ് വര്‍ക്കി അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീന്‍, വാര്‍ഡ് മെമ്പര്‍ നജി ഷാനവാസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍, പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ വി എച്ച് ഷഫീഖ്, ഫൈസല്‍ മുണ്ടങ്ങാമറ്റം, ബൈജു പായിപ്ര,എന്നിവര്‍ സംമ്പന്ധിച്ചു. പ്രിന്‍സിപ്പാള്‍ അര്‍ച്ചന.പി സ്വാഗതവും ഹെഡ്മിസ്ട്രസ് ജമീലാ സി പി നന്ദിയും പറഞ്ഞു.

പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 6.95-കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. അഞ്ച് കോടി രൂപ സംസ്ഥാനസര്‍ക്കാരും 1.95-കോടിരൂപ എം.എല്‍.എ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ നാഷ്ണലേസ്റ്റ് ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, വിവിധ സംഘടനകള്‍, വിക്തികള്‍ എന്നിവരില്‍ നിന്നും സ്വരൂപിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ മൂന്ന് നിലകളിലായി 15000-സക്വയര്‍ ഫീറ്റ് വരുന്ന മന്ദിരത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. 13-ക്ലാസ്സ് മുറികള്‍, നാല് ലാബ് എന്നിവയാണ് പുതിയമന്ദ്ിരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഹൈടെക് ബാത്ത് റൂമും സജ്ജീകരിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ മൂന്ന് നിലകളിലായി പുതിയ മന്ദിരവും ഓഡിറ്റോറിയവുമാണ് നിര്‍മിക്കുന്നത്. വാപ്കോസിനാണ് നിര്‍മ്മാണ ചുമതല. ഒന്നാം ഘട്ടം പൂര്‍ത്തിയായ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ ഇവിടെ ക്ലാസ്സുകള്‍ ആരംഭിക്കാനാകും.