തിരുവനന്തപുരം:   അഞ്ചു വര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 553 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടമെന്നും ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുക എന്നതിനാണ് ഈ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലില്‍ സാന്ത്വന സ്പര്‍ശം പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുനനു മന്ത്രി.
ജനങ്ങള്‍ക്കു കഴിയുന്നത്രയും ആശ്വാസം നല്‍കുക എന്ന സര്‍ക്കാരിന്റെ സമീപനത്തിന്റെ തുടര്‍ച്ചയാണ് സാന്ത്വനസ്പര്‍ശം അദാലത്ത്. ഇതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പരിപാടിയാണെന്ന തെറ്റിദ്ധാരണ വേണ്ട. കോവിഡ് കാലത്ത് എങ്ങനെയൊക്കെ ജനങ്ങള്‍ക്ക് ആശ്വാസമാകാം അവിടെയെല്ലാം സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ – വരുമാന നഷ്ടം രാജ്യത്തെയും ലോകത്തെയും വലിയ തോതില്‍ ബാധിച്ചു. പക്ഷേ, മറ്റെങ്ങും ഉണ്ടായിട്ടില്ലാത്ത ഒന്നു കേരളത്തില്‍ സംഭവിച്ചു. പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണികിടക്കുന്നില്ല എന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തി. മാസംതോറുമുള്ള ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യ കിറ്റ്, റേഷന്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ നല്‍കി. ഇതിനൊപ്പം കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളിലും സൂക്ഷ്മ ശ്രദ്ധയാണു സര്‍ക്കാര്‍ നല്‍കിയത്.
കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത മാറ്റമാണു നാട്ടിലുണ്ടായത്. മികച്ച റോഡുകള്‍, സ്‌കൂളുകള്‍, അത്യാധുനിക ആശുപത്രികള്‍ തുടങ്ങിയവ ഇന്നു കേരളത്തിലുണ്ട്. ഈ വികസന മാറ്റം അവസാനിക്കുന്നില്ല. സാധാരണക്കാരുടെ കുട്ടികള്‍ നല്ല ശമ്പളമുള്ള ഉദ്യോഗം ലഭിക്കുന്നതിനുള്ള അതിനൂതന പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും ബജറ്റില്‍ അതിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.