തിരുവനന്തപുരം:  ജനങ്ങളുടെ ദുരിതങ്ങളില്‍ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടല്‍ നടത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ആറ്റിങ്ങലില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആള്‍ക്കൂട്ടത്തിനിടയില്‍ മാത്രം ദുരിതാശ്വാസം നല്‍കുന്ന നയമല്ലായിരുന്നു ഈ സര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചാണ് മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1,703 കോടി രൂപ നല്‍കിയത്. ഇനിയും ആര്‍ക്കെങ്കിലും ആശ്വാസം എത്തുന്നില്ലെങ്കില്‍ അര്‍ഹതയുള്ളവര്‍ക്ക് അതു കാലതാമസമില്ലാതെ ലഭിക്കണമെന്ന സര്‍ക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കു നല്‍കേണ്ട എല്ലാ ആശ്വാസ സഹയങ്ങളും സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.