കാസർഗോഡ്: കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സീമയ്ക്ക് ജോലി സ്ഥിരമാകും. 20 വര്‍ഷമായി ജോലി ചെയ്യുന്ന സീമയുടെ ജോലി സ്ഥിരമാക്കാന്‍ 2018ല്‍ കോടതി ഉത്തരവ് വന്നിട്ടും 2005ല്‍ ജോലിയില്‍ നിന്ന് ആറുമാസം അവധിയെടുത്തതിനാല്‍ നിയമനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് സീമ നല്‍കിയ കേസ് നടക്കവെ അവസാന ശ്രമമെന്ന നിലയിലാണ് ഭര്‍ത്താവ് ലക്ഷ്മണനൊപ്പം കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് സഹായമഭ്യര്‍ഥിച്ചെത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സീമയുടെ ഹൃദയവാല്‍വിന് പ്രശ്‌നമുണ്ട്.
സാന്ത്വന സ്പര്‍ശത്തില്‍ സീമയുടെ പ്രശ്‌നം നേരിട്ട് മനസിലാക്കിയ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സീമയുടെ 20 വര്‍ഷത്തെ സര്‍വ്വീസും കോടതി ഉത്തരവും കണക്കിലെടുത്ത് എത്രയും വേഗം ജോലി സ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് നിയമന ഉത്തരവ് നല്‍കാന്‍ നിര്‍ദ്ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കി.