കാസർഗോഡ്: ചികിത്സാസഹായം തേടി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ പടന്ന തെക്കേക്കാട്ടെ ജാനകിയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അതിജീവിക പദ്ധതിയില്‍ അപേക്ഷിച്ചിട്ടും തുടര്‍ നടപടി ഉണ്ടാകാത്തതിനാലാണ് ജാനകി അദാലത്തിലെത്തിയത്. അഞ്ചു വര്‍ഷമായി വാതരോഗത്താല്‍ കഷ്ടപ്പെടുന്ന ജാനകിയ്ക്ക് ജോലിക്ക് പോകാനാകില്ല. നട്ടെല്ല് വളഞ്ഞ് കൂനി നടക്കുന്ന ഇവര്‍ക്ക് കേള്‍വിയും കുറവാണ്. പരേതനായ ഭര്‍ത്താവ് അമ്പൂഞ്ഞിയുടെ സഹോദരനൊപ്പമാണ് ജാനകി അദാലത്തിലെത്തിയത്.

നാല് പെണ്‍ മക്കളുള്ള അമ്മ കൂലിപ്പണിക്ക് പോയി രണ്ടു പെണ്‍മക്കളുടെ വിവാഹം നടത്തി. ബാക്കി രണ്ട് മക്കളും അമ്മയ്‌ക്കൊപ്പമുണ്ട്. മക്കള്‍ തൊഴിലുറപ്പിന് പോയാണ് അമ്മയ്ക്കുള്ള മരുന്നിനും നിത്യചിലവിനും വക കണ്ടെത്തുന്നത്. ചികിത്സ മുടങ്ങാതിരിക്കാനാണ് പദ്ധതിയില്‍ അപേക്ഷിച്ചത്. എന്നാല്‍ 50 വയസില്‍ താഴെയുള്ള വിധവകള്‍ക്കായി വിഭാവനം ചെയ്ത പദ്ധതി 73 പിന്നിട്ട ജാനകിയമ്മയ്ക്ക് അനുവദിക്കാനാകില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആരോഗ്യസാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇടപെട്ട് ധനസഹായം അനുവദിച്ചത്. പ്രതീക്ഷയറ്റ നേരത്ത് താങ്ങായ മന്ത്രിയുടെ നടപടിയില്‍ മനം നിറഞ്ഞാണ് ജാനകിയമ്മ വേദി വിട്ടിറങ്ങിയത്.