മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടത്തിയ സൗന്ദര്യവത്കരണ പദ്ധതികളാണ് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ചത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു.

34 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പോര്‍ട്ടബിള്‍ എക്സിബിഷന്‍ പവലിയന്‍, വിദ്യാരംഭത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ക്യൂ പവലിയന്‍, വെയിറ്റിങ് പവലിയന്‍, ലാന്റ് സ്‌കേപ്പിങ്, സോളാര്‍ വൈദ്യുതി വിളക്കുകള്‍, പുഷ്പ-ഫലവൃക്ഷ ഗാര്‍ഡന്‍ അടക്കമുള്ള വിവിധ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. തുഞ്ചന്‍ ഓഡിറ്റോറിയം സീലിങ്, അക്വാസ്റ്റിക്സ് പ്രവൃത്തി നടത്തി നവീകരണം, ഊട്ടുപുരയുടെ നവീകരണം എന്നിവയും പൂര്‍ത്തിയാക്കി. തുഞ്ചന്‍ പറമ്പിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം നവീകരിച്ച് ആമ്പല്‍ പൊയ്കയാക്കിയതോടൊപ്പം കുളപ്പുരയും നിര്‍മിച്ചിട്ടുണ്ട്. കുളത്തിനോട് ചേര്‍ന്ന് മിനി ഓഡിറ്റോറിയം, നടപാത ഉള്‍പ്പടെ സൗന്ദര്യവല്‍കരണ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് പ്രവൃത്തി നടത്തിയത്.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഉള്‍പ്പടെ നിരവധി പുസ്തക പ്രസാധകരാണ് തുഞ്ചന്‍ പറമ്പില്‍ വര്‍ഷം തോറും നടക്കുന്ന പുസ്തകോത്സവത്തില്‍ പങ്കെടുക്കാറുള്ളത്. പുസ്തക സ്റ്റാളിനായി വര്‍ഷം തോറും വരുന്ന വലിയ ചെലവ് ഒഴിവാക്കുന്നതിനായാണ് പുസ്തകോത്സവത്തിന് പോര്‍ട്ടബിള്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായര്‍ വിശിഷ്ട സാന്നിധ്യമായി. സി മമ്മുട്ടി എം.എല്‍.എ, തുഞ്ചന്‍ സ്മാരക സെക്രട്ടറി പി. നന്ദകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.