കണ്ണൂർ: ഏഴോം വെടിയെപ്പന്‍ചാല്‍, പെരിങ്ങോം മടക്കം പൊയില്‍  അംബേദ്ക്കര്‍ ഗ്രാമം പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു

സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കല്ലെന്നതിന്റെ തെളിവാണ് കേരളത്തില്‍ പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതികളെന്ന്   മഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏഴോം വെടിയെപ്പന്‍ചാല്‍,  പെരിങ്ങോം മടക്കം പൊയില്‍ കോളനികളില്‍ ഉള്‍പ്പെടെ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടൊപ്പം ചേര്‍ന്നു നിന്ന് അവരെ മുഖ്യധാരയിലേക്കുയര്‍ത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രഖ്യാപിച്ച നൂതന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് ദുസ്സഹമായ ജീവിതം നയിക്കുകയായിരുന്നു  പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പല കുടുംബങ്ങളും. അതിനു പരിഹാരമായാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ 26342 പട്ടികജാതി കോളനികളും 6057 പട്ടികവര്‍ഗ കോളനികളും ഉണ്ട്. 427 പട്ടികജാതി കോളനികളുടെയും 95 പട്ടികവര്‍ഗ കോളനികളുടെയും വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ 117 പട്ടികജാതി കോളനികളുടെയും 60 പട്ടികവര്‍ഗ കോളനികളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍പ്പെട്ട 60 പട്ടികജാതി, 20 പട്ടിക വര്‍ഗ കോളനികളുടെ നിര്‍മ്മാണ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നിര്‍വഹിച്ചത്. കുറഞ്ഞത് 30 കുടുംബങ്ങളെങ്കിലുമുള്ള കോളനികളിലാണ് പദ്ധതി നടപ്പാക്കിയത്. പട്ടിക ജാതി പട്ടികവര്‍ഗ കോളനികളുടെ മുഖഛായ തന്നെ മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഏഴോം വെടിയെപ്പന്‍ചാല്‍  കോളനിയുടെ സമഗ്രമായ വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. നിലവിലുള്ള ടി പി സ്മാരക സാംസ്‌ക്കാരിക നിലയം ആധുനിക നിലയില്‍ നവീകരിക്കുകയും, ഒന്നാം നിലയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.  ഇതില്‍ ലൈബറി ഹാള്‍, കമ്പ്യൂട്ടര്‍ സെന്റര്‍, പബ്ലിക് അഡ്രസ് സിസ്റ്റം, ഫര്‍ണിച്ചര്‍,  ടോയ്‌ലറ്റ് സൗകര്യം, 50 കസേരകള്‍ എന്നിവ ഒരുക്കി.  കെട്ടിടത്തിന് മുന്നില്‍ ഇന്റര്‍ലോക്ക് പതിപ്പിച്ചതിനൊപ്പം സൗന്ദര്യവത്ക്കരണവും നടത്തി.  അങ്കണവാടി നവീകരിച്ച്  ആധുനിക അങ്കണവാടിയാക്കി. 350 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിച്ച് ടാറിംഗ് പ്രവൃത്തികളും പൂര്‍ത്തിയാക്കി. റോഡിന് പാര്‍ശ്വഭിത്തിയും 100 മീറ്റര്‍ നീളത്തിലും നാല് അടി വീതിയില്‍ ഇന്റര്‍ലോക്ക് പതിപ്പിച്ച് നടപാതയും നിര്‍മ്മിച്ചു. കളിസ്ഥലം, ഗേറ്റ്, ചുറ്റുമതില്‍ എന്നിവയും ഉണ്ട്. ടി പി സ്മാരക വായനശാലക്ക് മുന്നിലായി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.  ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ഏഴോം വെടിയെപ്പന്‍ചാല്‍ കോളനിയില്‍ ടി വി രാജേഷ് എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കല്യാശേരി ബ്ലോക്ക് പഞ്ചായത്തംഗം ഡി വിമല, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി അനില്‍കുമാര്‍, ഏഴോം ഗ്രാമ പഞ്ചായത്ത് അംഗം ഇ ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവി രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പെരിങ്ങോം വയക്കര പഞ്ചായത്തിലെ മടക്കാംപൊയിലില്‍  ഒരു കോടി രൂപയുടെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്.  റോഡ് നിര്‍മ്മാണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മാണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വീട് പുനരുദ്ധാരണം, നടപ്പാത എന്നിവയാണ് കോളനിയില്‍ പൂര്‍ത്തീകരിച്ചത്. ശിലാഫലകം അനാച്ഛാദനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനവും സി കൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമാ ബീവി, പഞ്ചായത്തംഗം ഒ റസിയ,  പയ്യന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എം ജി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എഞ്ചിനീയര്‍ കെ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.