കണ്ണൂർ: ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ റോഡുകള്‍ പുതിയ മുഖം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആശുപത്രി – അറത്തില്‍കാവ് – വെണ്ടുട്ടായി കമ്പൗണ്ടര്‍ ഷോപ്പ് റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വര്‍ഷം ഈടു നില്‍ക്കുന്ന റോഡുകളാണ് നിര്‍മ്മിക്കുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ഫ്‌ളൈ ഓവറുകളോ പാലങ്ങളോ നിര്‍മ്മിച്ചു. ഹൈവേ വികസനം യാഥാര്‍ഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് ഗ്രാമീണ റോഡുകള്‍ പുനരുദ്ധീകരിച്ച് ജനങ്ങളുടെ യാത്ര സുഗമമാക്കി. നാടിന്റെ വികസനവും ജനക്ഷേമവും സര്‍ക്കാര്‍ ഉറപ്പുവരുത്തി. ആയിരക്കണക്കിന് പദ്ധതികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. പ്രളയകാലത്ത് തകര്‍ന്ന റോഡുകള്‍ 1783 കോടി രൂപ ചെലവില്‍ നവീകരിച്ചു. കിഫ്ബിയില്‍ നിന്ന് 1470 കോടി രൂപയും  നബാഡില്‍ നിന്ന് 850 കോടി രൂപയും ഉപയോഗിച്ച് റോഡുകള്‍ മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ സുഭിക്ഷ കേരളം, ക്ഷേമ പെന്‍ഷന്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സൗജന്യ ഭക്ഷ്യകിറ്റ് തുടങ്ങിയവയും സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
13.58 കോടി രൂപ ചെലവില്‍ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ്  പിണറായി ആശുപത്രി – അറത്തില്‍കാവ് – വെണ്ടുട്ടായി കമ്പൗണ്ടര്‍ ഷോപ്പ് അഭിവൃദ്ധിപ്പെടുത്തിയത്. 10.7 കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്. പുതുതായി 17 കലുങ്കുകളും നിര്‍മ്മിച്ചു. അവശ്യമായ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തികളും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കൂടാതെ ടൗണ്‍ ഭാഗത്തും വളവുകളിലും അധിക വീതിയില്‍ ടാറിങ്ങും നടത്തിയിട്ടുണ്ട്.
പൊതുമരാമത്ത്  രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ മുഹമ്മദ്, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍  കെ എം ഹരീഷ് എന്നിവര്‍ പങ്കെടുത്തു.