മലപ്പുറം:ജന്മനാ പാതി അന്ധനായിരുന്നു അബ്ദുള്ളക്കുട്ടി. പിന്നീട് കണ്ണില്‍ പൂര്‍ണ്ണമായും ഇരുട്ടുപരന്നു. പരസഹായമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെയായി അദ്ദേഹത്തിന്. ഇതിനിടയിലാണ് മലപ്പുറം മേല്‍മുറിയിലെ പാറക്കല്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിക്ക് ഉമ്മയും ഉമ്മൂമ്മയും ഇഷ്ടദാനമായി അഞ്ച് സെന്റ് ഭൂമി നല്‍കുന്നത്. എന്നാല്‍ ഭൂമി വിലകൊടുത്തു വാങ്ങിയതായാണ് അന്ന് ആധാരമെഴുതിയത്. അധിക ഫീസായി നിശ്ചിത തുക കൂടി അടയ്ക്കണമെന്ന് അറിയിച്ച് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് രേഖാമൂലം വീട്ടിലേക്ക് പിന്നീട് കത്ത് വന്നപ്പോഴാണ് അബ്ദുള്ളക്കുട്ടിയ്ക്ക് അബദ്ധം മനസ്സിലായത്.

 

ആധാരമെഴുതിയപ്പോള്‍ ഉണ്ടായ പിഴവാണെന്നും അധിക ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കി തരണമെന്നും അഭ്യര്‍ത്ഥിച്ച് ജില്ലാ രജിസ്ട്രാറെ വരെ സമീപിച്ചെങ്കിലും ആധാരം ഇഷ്ടദാനമായി രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ നിയമതടസ്സമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് അബ്്ദുള്ളക്കുട്ടി പറഞ്ഞു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ആളായതിനാല്‍ പ്രശ്നം പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടിയിലെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ സുഹൃത്ത് മുഹമ്മദലിക്കൊപ്പം അബ്ദുള്ളക്കുട്ടിയെത്തി. പരാതി കേട്ട മന്ത്രി എ.കെ ശശീന്ദ്രന്‍ അബ്ദുള്ളക്കുട്ടിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി അനുഭാവപൂര്‍വമായ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയതിനാല്‍ ആശ്വാസത്തോടെയാണ് അന്ധനായ അബ്ദുള്ളക്കുട്ടിയും സുഹൃത്തും മടങ്ങിയത്.