ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സോഷ്യോ എക്കണോമിക് സർവേ പദ്ധതി ഈ സാമ്പത്തിക വർഷം തുടരാൻ അനുമതി നൽകി ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സോഷ്യോ എക്കണോമിക് സർവേ നടത്തുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ സർവതോൻമുഖമായ പുരോഗതിയ്ക്ക് വേണ്ടിയാണ് സോഷ്യോ എക്കണോമിക് സർവെയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായി നിരവധി ട്രാൻസ്‌ജെൻഡർ സൗഹാർദ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ‘മഴവില്ല്’ എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരൻമാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാർക്കു കൂടി ഉറപ്പാക്കേണ്ടതും വകുപ്പിന്റെ കർത്തവ്യമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഈ വിഭാഗക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർവേ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.