ചാറ്റ് വിത്ത് സി.എം : വ്ളോഗർമാരുമായി ആശയവിനിമയം നടത്തി

കോട്ടയത്തെ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോഷ്യൽ മീഡിയ രംഗത്ത് സജീവമായവരുമായി തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സിനിമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വമായ അടൂർ ഗോപാലകൃഷ്ണനാണ് ഇപ്പോൾ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല. ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച രീതിയിൽ വിപുലീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ ശക്തമായി നേരിടും. സ്ത്രീകൾക്ക് നേരേയുള്ള ഓൺലൈൻ അതിക്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്. പോലീസും സാമൂഹ്യ നീതി വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വീഡിയോ നിർമാണത്തിൽ പരിശീലനം നൽകണമെന്ന സ്‌കൂൾ വിദ്യാർത്ഥിയും വ്‌ളോഗറുമായ ശങ്കരന്റെ ആവശ്യം പരിശോധിക്കാമെന്നും ഏത് ക്‌ളാസ് മുതൽ ആരംഭിക്കണമെന്നുള്ളത് വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ ഫോണുമായി ബന്ധപ്പെട്ട് വലിയ മാറ്റമാണ് കേരളത്തിൽ വരാൻ പോകുന്നത്. സാധാരണക്കാർക്ക് ഇന്റർനെറ്റ് സൗജന്യമായി ലഭിക്കുന്ന സ്ഥിതി വരും. അത്തരം സാഹചര്യത്തിൽ എല്ലായിടത്തും മൊബൈൽ കവറേജും ലഭ്യമാകും. മേക്ക് ഇൻ കേരള പ്രോത്‌സാഹിപ്പിക്കും. കാരുണ്യ പദ്ധതി സർക്കാർ നിലനിർത്തിയിട്ടുണ്ട്. അത് ഉപേക്ഷിച്ചു എന്നത് തെറ്റായ പ്രചാരണം മാത്രമാണ്. കാരുണ്യയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് കുറഞ്ഞ വിലയിൽ മരുന്ന് നൽകുന്നതിന് കെ. എസ്. ഡി. പി മുഖേന മരുന്നുത്പാദനം നടത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ഇത്തരം മരുന്ന് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി വീടുകളിലെത്തിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

കുട്ടികളിൽ ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലും കൃഷി നടക്കുന്നുണ്ട്. കോവിഡ് മാറി സ്‌കൂളുകൾ തുറക്കുമ്പോൾ ഇത് പുനരാരംഭിക്കും. കുട്ടികളും കുടുംബവുമൊത്ത് പോയിരിക്കാൻ കഴിയുന്ന പൊതുഇടങ്ങൾ വലിയ തോതിൽ സൃഷ്ടിക്കും. തൊഴിലില്ലാതെ വീടുകളിൽ കഴിയുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി കെ ഡിസ്‌ക്ക് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. മൂന്നു ലക്ഷം പേർ ഒരു വർഷത്തിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വന്ന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പ്രധാനപാതകളുടെ വശങ്ങളിൽ വിദേശത്തെ പോലെ വേ സൈഡ് അമിനിറ്റി സെന്ററുകൾ തുറക്കും. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാധ്യമപ്രവർത്തകൻ ശരത്ത് പരിപാടിയുടെ മോഡറേറ്ററായി.

സോഷ്യൽ മീഡിയ രംഗത്ത് സജീവമായ ഷാക്കിർ സുഭാൻ, ജയരാജ് ജി. നാഥ്, സമീറ, രതീഷ് ആർ. മേനോൻ, ജിൻഷ ബഷീർ, ഫിറോസ് ചുട്ടിപ്പാറ, ജിയോ ജോസഫ്, ശങ്കരൻ, കിരൺ തോമസ്, അർജുൻ, കാർത്തിക് സൂര്യ, ദീപക് ശങ്കരനാരായണൻ, ഹാരിസ് അമീർ അലി, അരുൺ, ഉണ്ണി ജോർജ്, നിസാർ ബാബു, അനൂപ്, സെബിൻ സിറിയക്ക്, ദീപു പൊന്നപ്പൻ, അഫ്‌ലാൽ, എബിൻ ജോസ്, സണ്ണി, വിനീഷ് രോഹിണി, റോഷൻ, ഷഹീബ എന്നിവർ സംസാരിച്ചു. സുജിത്ത് ഭക്തൻ, സുധീഷ് പയ്യന്നൂർ എന്നിവർ ഓൺലൈനിലെത്തി.