ശിലാസ്ഥാപനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു 
പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷേപകരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെട്രോകെമിക്കൽ പാർക്ക് ലക്ഷ്യമിടുന്നത്  വ്യവസായങ്ങളുടെ ക്ലസ്റ്റർ  സ്ഥാപിക്കാനാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ്  മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. നിലവിൽ 171 ഏക്കർ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയിൽ അനുവദിച്ചു . 33% ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കുന്നതിനായി നിലനിർത്തും. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി പാർക്കിനു ലഭിച്ചിട്ടുണ്ട് . കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശ പ്രകാരം 33 % ഭൂമിയിൽ ഹരിത കവചം സൃഷ്ടിക്കും. അന്തരീക്ഷ മലിനീകരണം ശുദ്ധീകരിച്ചെടുക്കാനുള്ള സ്ഥാപനമായ പാർക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിലവിൽ കിൻഫ്രയ്ക്ക് 17 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.  അപേക്ഷകൾക്കെല്ലാം ജില്ലാതല അലോട്ട്‌മെന്റ് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ച സംരംഭകർക്ക് ശിലാസ്ഥാപന ചടങ്ങിൽ ലെറ്റർ ഓഫ് ഇന്റിമേഷൻ  മന്ത്രി ഇ പി ജയരാജൻ കൈമാറി .

വ്യവസായ വകുപ്പിന് കീഴിൽ കൊച്ചിയിൽ  ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്.  229 ഏക്കർ ഭൂമിയാണ് വ്യവസായ സംരംഭങ്ങൾക്കായി പെട്രോകെമിക്കൽ പാർക്കിൽ ലഭ്യമാവുക. ദിവസത്തിൽ 12 മില്യൺ ലിറ്റർ  ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയിൽ വാതക പൈപ്പ് ലൈൻ, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ കിൻഫ്ര ഒരുക്കും.

300 കോടി രൂപ ചെലവിൽ ഒരുക്കുന്ന പാർക്ക് 30 മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈൽ വ്യവസായങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, ഫാർമ്മസ്യൂട്ടിക്കൽ ഉല്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽ ഉല്പന്നങ്ങൾ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നീ മേഖലയിലാണ് പെട്രോകെമിക്കൽ പാർക്കിൽ പ്രധാനമായും നിക്ഷേപ സാധ്യതകൾ ഉള്ളത്.  സംസ്ഥാനത്തിന്റെ വ്യവസായമേഖലയിൽ വിപ്ലവം തീർക്കുന്ന  കൊച്ചി-ബംഗുളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാർക്കിന് പുതിയ മാനം കൈവരും.


ചടങ്ങിൽ എം എൽ എ മാരായ വി പി സജീന്ദ്രൻ, എം സ്വരാജ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  ജില്ലാ കളക്ടർ എസ് സുഹാസ് , ഫാക്റ്റ് സി എം ഡി കിഷോർ റുങ്ത, ബി പി സി എൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു