തൃശൂർ:അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പെരിഞ്ഞനം പഞ്ചായത്ത് നാലാം വാർഡ് പള്ളിയിൽ അമ്പലം കോളനിയിൽ ഒരു കോടി രൂപ ചെലവിട്ട വികസന പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു.പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ കുടിവെള്ള വിതരണം, ഗതാഗതസൗകര്യം, വൈദ്യുതി, ഭവന പുനരുദ്ധാരണം, വായനശാല നവീകരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. ഈ പദ്ധതി പ്രകാരം പുതിയതായി പ്രവൃത്തികൾ പൂർത്തീകരിച്ച 80 പട്ടികജാതി പട്ടികവർഗ കോളനികളുടെ ഉദ്ഘാടനമാണ് സംസ്ഥാനതലത്തിൽ ചൊവ്വാഴ്ച നടന്നത്. പെരിഞ്ഞനം വി കെ ഗോപാലൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ ശിലാഫലകം അനാച്ഛാദനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡൻറ് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മിതികേന്ദ്രം പ്രതിനിധി ശ്രാവൺ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സാജിത മുത്തുകോയ തങ്ങൾ, പഞ്ചായത്തംഗം സുജ ശിവരാമൻ, സെക്രട്ടറി പി സുജാത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ പി ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.