തൃശ്ശൂർ: സർക്കാർ ജനങ്ങൾക്കൊപ്പം നിന്നാണ് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന തെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടു ദിവസത്തെ വികസന വാർത്താ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ 5 വർഷത്തിനിടെ എല്ലാ മേഖലയിലും ഒട്ടേറെ വികസനങ്ങൾ നടത്താനായി. പ്രളയം, കോവിഡ് മഹാമാരികളെ സർക്കാർ അതിജീവിച്ചത് ജനകീയ പിന്തുണയോടെയാണ്. ഇനിയും ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കാനാണ് സർക്കാരിൻ്റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. വികസനം താഴെത്തട്ടിൽ നിന്ന് ഉയർന്നു വരണമെന്ന നിർബന്ധം സർക്കാർ ആദ്യമേ ഉറപ്പാക്കി. അതിൻ്റെ ഫലമായി പ്രാദേശിക തലത്തിൽ മുടങ്ങിക്കിടന്ന പല പദ്ധതികളും പൂർത്തിയാക്കാനായി. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ക്ഷേമ പെൻഷനുകൾ, വീട്, ആരോഗ്യ മേഖല എന്നിവയെ കരുതലോടെ സമീപിച്ച് പദ്ധതികൾ ആവിഷ്കരിച്ചു. ഇത്തരം രീതികൾ അവലംബിച്ചതോടെ ജനപക്ഷത്തേക്ക് സധൈര്യം നടന്നു ചെല്ലാനുള്ള ആർജവം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ യഥാസമയം ജനങ്ങളിലെത്തിക്കുന്നതിൽ പി ആർ ഡി വലിയ പങ്കുവഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.യോഗത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ യഥാവിധി നടപ്പാക്കാനായതാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിജയമെന്ന് സീതാ രവീന്ദ്രൻ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അംഗങ്ങളായ പ്രിയ സജീഷ്, ടി സോമ ശേഖരൻ, പി കെ ഷബീർ, കൗൺസിലർമാർ, കലാമണ്ഡലം നിർവാഹക സമിതിയംഗം ടി കെ വാസു, എം എൻ സത്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ഇൻഫർമേഷൻ അസിസ്റ്റൻ്റുമാരായ കെ നന്ദകുമാർ, കെ എസ് ശ്രുതി തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിൻ്റെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലയിലെ പ്രധാന നഗരങ്ങളിൽ നടത്തുന്ന വികസന വാർത്താ ചിത്ര പ്രദർശനം ഇന്നു കൂടി (ഫെബ്രു. 10) കുന്നംകുളത്തു തുടരും. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദർശനം നടന്നിരുന്നു. 11, 12 തിയ്യതികളിൽ തൃശൂരിലും 13, 14 തിയതികളിൽ വടക്കാഞ്ചേരിയിലും വികസന വാർത്താ ചിത്ര പ്രദർശനം നടക്കും.