തൃശ്ശൂർ: മതുക്കര അംബേദ്കർ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവഹിച്ചത്. പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ കുടിവെള്ള വിതരണം, ഗതാഗതസൗകര്യം, വൈദ്യുതി, ഭവന പുനരുദ്ധാരണം, വായനശാല നവീകരണം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. മെഡിക്കൽ സബ് സെൻ്റർ ഉൾപ്പെടെ വിജ്ഞാൻ വാരി സെൻ്റർ, 18000 ലിറ്റർ വാട്ടർ ടാങ്ക് എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് നില കെട്ടിടം, രണ്ട് പൊതുകിണറുകളുടെ നവീകരണം, വായനശാല നവീകരണം,10 സോളാർ ലൈറ്റുകളും ഒരു ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കൽ, 24 വീടുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ 8-ാം വാർഡിലുള്ള മതുക്കര പട്ടികജാതി കോളനിയിൽ പൂർത്തീകരിച്ചത്. പട്ടികജാതി കോളനിയിലെ കുട്ടികൾക്ക് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനും ഓൺലൈൻ അപേക്ഷകൾ അയക്കുന്നതിനും, വായനാശീലം വളർത്തുന്നതിനുമായാണ് വിജ്ഞാൻ വാരി സെൻ്ററിൻ്റെ പണി പൂർത്തീകരിച്ചത്. മതുക്കര അംബേദ്കർ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ കോളനിയിൽ പണി പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ, മുല്ലശ്ശേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആൻ്റണി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ സുരേഷ്, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ദിൽന എന്നിവർ പങ്കെടുത്തു.