തൃശ്ശൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആളൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് നമ്പിക്കുന്ന് കോളനിയിൽ പൂർത്തീകരിച്ചത് ഒരു കോടി രൂപയുടെ വികസന പദ്ധതികൾ. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക സമുദായ വകുപ്പ് മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ കെ യു അരുണൻ മാസ്റ്റർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി ശിലാഫലകം അനാച്ഛാനം ചെയ്തു.

അറുപത് കുടുംബങ്ങൾ താമസിക്കുന്ന നമ്പിക്കുന്ന് കോളനിയിൽ കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തികൾ നടത്തി. കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം, മുപ്പത്തിനാല് വീടുകളുട അറ്റകുറ്റ പണികൾ എന്നിവ പൂർത്തീകരിച്ചു. യുവാക്കൾക്കായി ക്ലബ്ബിന്റെ പ്രവർത്തനം ഏകോപിപ്പിച്ചു. കോൺക്രീറ്റ് റോഡിന്റ നിർമ്മാണം, രണ്ട് സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, പൊതു കിണറിൽ റിംഗ് ഇറക്കൽ തുടങ്ങിയ പദ്ധതികളും പൂർത്തീകരിച്ചു.മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ, വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ വികസന സമിതി അധ്യക്ഷന്മാരായ ഷിജി യാക്കോബ്, ജോസ് മാഞ്ഞൂരാൻ, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ പി കെ സുരജ തുടങ്ങിയവർ പങ്കെടുത്തു.