ആലപ്പുഴ : സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കോവിഡ് പ്രതിസന്ധി കാലത്തും നമ്മുടെ ടൂറിസം സാധ്യതകളെ കൂടുതൽ ഊർജസ്വലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കോടി രൂപ ചിലവിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ 25 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അരൂർ നിയോജക മണ്ഡലത്തിലെ അരൂക്കുറ്റി ഹൗസ് ബോട്ട് ടെർമിനൽ, തഴുപ്പ് മൈക്രോ ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് പ്രൊജക്റ്റ് എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

ഉത്തരവാദിത്വടൂറിസം യാഥാര്‍ഥ്യമാക്കിയതിലൂടെ ഓരോ ടൂറിസം കേന്ദ്രത്തിലുമുള്ള ജനങ്ങള്‍ക്ക് കൂടി പ്രാദേശികമായി പദ്ധതികളുടെ പ്രയോജനം ലഭിക്കുകയാണ്. നമ്മുടെ കലാരൂപങ്ങള്‍, കൃഷിരീതി, പരമ്പരാഗത കരകൗശല രംഗം, ഭക്ഷണം തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് മാറുകയാണ്. അതിനായുള്ള മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. അതുകൊണ്ടാണ് കോവിഡ് മഹാമാരി ലോകമെങ്ങും ഭീഷണിയായി നിലകൊള്ളുമ്പോഴും നമ്മുടെ നാട്ടിലേക്കു വരാന്‍ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. അവരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഈ പദ്ധതികളെല്ലാം സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ സംബന്ധിച്ച സുപ്രധാനമായ ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അരൂക്കുറ്റിയിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എം പി ഓൺലൈനായി പങ്കെടുത്തു, ഷാനിമോൾ ഉസ്മാൻ എം എൽ എ അധ്യക്ഷത വഹിച്ചു, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിമോൾ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. കെ ജനാർദ്ദനൻ, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദുകുട്ടി അഷ്റഫ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് പി.ജി, ഡിടിപിസി സെക്രട്ടറി മാലിൻ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കേരള വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി ബാലകിരൺ എന്നിവരും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്തു.
കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സല, വാർഡ് അംഗങ്ങൾ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് വഴി കേന്ദ്ര -സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഡെവലപ്മെൻറ്  ഓഫ് ബാക്ക് വാട്ടർ സർക്യൂട്ട് ഇൻ ആലപ്പുഴ ഇൻ ബാക് വാട്ടർ റീജിയൻ ആസ് എ മെഗാ സർക്യൂട്ട് ഇൻ കേരളാ “എന്ന  പദ്ധതിയുടെ ഭാഗമായാണ് കൈതപ്പുഴ തീരത്തു പഴയ അരൂക്കുറ്റി ബോട്ട് ജെട്ടി  നിന്ന ഭാഗത്തായി ഹൗസ് ബോട്ട്  ടെർമിനലിന്റെ   നിർമ്മാണം പൂർത്തീകരിച്ചത്.   പദ്ധതിയുടെ ഭരണാനുമതിയായി അനുവദിച്ച തുക  രണ്ടു കോടി പതിനാറു ലക്ഷത്തി നാല്പത്തിയേഴായിരം രൂപയാണ് എങ്കിലും ഒരു കോടി 20 ലക്ഷം രൂപയ്ക്ക് പദ്ധതി നിർമാണം പൂർത്തീകരിക്കാൻ ടൂറിസം വകുപ്പിന് സാധിച്ചു. ടൂറിസ്റ്റ് റിസപ്ഷൻ ബ്ലോക്ക്, വ്യൂയിങ് ഗാലറി, ടോയ്ലറ്റ് ബ്ലോക്ക്, പവിലിയൻ വിത്ത് ടെൻസിൽ റൂഫ്, ബോട്ട് ജെട്ടി എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ തുറവൂർ റെയിൽവേ ലൈനിന് സമീപത്തു തഴുപ്പ് കായൽ തീരത്തായാണ്   ഡെവലപ്പ്മെന്റ് ഓഫ് മൈക്രോ ഡെസ്റ്റിനേഷൻ അറ്റ് തഴുപ്പു പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് . ഒരു കോടി 20 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ടിക്കറ്റ് കൗണ്ടർ, ഫുഡ് കിയോസ്‌ക്, ഗാസിബോ, കുട്ടികളുടെ കളി ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.