എറണാകുളം : വ്യവസായ രംഗത്ത് കേരളത്തെ മുൻനിര സംസ്ഥാനമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നിക്ഷേപകർക്കും സുഗമമായി നിക്ഷേപിക്കാം വ്യവസായം നടത്താം , നിക്ഷേപകരെ ഇരുകയ്യും നീട്ടി സ്വീകരിക്കും . വളർച്ചയിൽ സ്ഥിരതയും ഉത്പാദന രംഗത്ത് സ്വയം പര്യാപ്‌തതയും ഊർജിതമായ നിക്ഷേപവുമുള്ള കേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത് . അതിലേക്കു അതിവേഗം പുരോഗമിക്കാനും സാധിച്ചു.

നിക്ഷേപകർ ആവേശത്തോടെയാണ് മുന്നോട്ട് വരുന്നത്. കേരളത്തിൽ നിക്ഷേപിക്കാൻ തടസമില്ലെന്നും സംരംഭം നടത്തികൊണ്ട് പോകുന്നത് സുഗമമാണെന്നും നിക്ഷേപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് വ്യവസായ സൗഹൃദമല്ല കേരളം എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടെയാണ്. നീതിആയോഗിന്റെ ഇന്നോവേഷൻസ് റിപ്പോർട്ട് അനുസരിച്ചു ഏറ്റവും അനുകൂലമായ വ്യവസായ സാഹചര്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം . പ്ലാനിംഗ് ബോർഡ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ രത്തൻ ടാറ്റ , ആനന്ദ് മഹീന്ദ്ര തുടങ്ങിയ വ്യവസായ പ്രമുഖർ കേരളത്തിലെ നിക്ഷേപ രംഗത്തെ പ്രശംസിച്ചത് വലിയ അംഗീകാരമാണ് .

വിവിധ പരിഷ്കാര നടപടികളിലൂടെയും നിക്ഷേപം നടത്താനുള്ള നടപടികൾ ലളിതമാക്കിയതിലൂടെയും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. നിക്ഷേപകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായാണ് വ്യവസായ പാർക്കുകൾക്കു സർക്കാർ രൂപം നൽകിയത് . ഫുഡ് പ്രോസസ്സിംഗ്, ഇലക്ട്രോണിക്സ് , ലൈറ്റ് എഞ്ചിനീയറിംഗ് പെട്രോ കെമിക്കൽ വിഭാഗങ്ങളിലുള്ള പാർക്കുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. സർക്കാരിന് കീഴിലുള്ള കെ സ് ഐ ഡി സി , കിൻഫ്ര എന്നിവയുടെ മേൽനോട്ടത്തിലാണ് പാർക്കുകൾ സജ്ജമാക്കുന്നത്. പാലക്കാട് മെഗാ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ചു . ചേർത്തലയിലെ മെഗാ ഫുഡ് പാർക്കിന്റെ നിർമ്മാണം പൂർത്തിയായി .

തിരുവന്തപുരത്തെ ലൈഫ് സയൻസ് പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ് . പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് പാർക്ക് രണ്ടാം ഘട്ടവും ഒറ്റപ്പാലത്തു ഡിഫെൻസ് പാർക്ക് പൂർത്തിയാക്കുകയും ചെയ്തട്ടുണ്ട് . തൊടുപുഴയിൽ സ്‌പൈസസ് പാർക്കിനു ശിലാസ്ഥാപനവും നിർവഹിച്ചു. അമ്പലമുഗൾ പെട്രൊകെമിക്കൽ പാർക്കിൽ ഓട്ടോമൊബൈൽ വ്യവസായങ്ങളും കെട്ടിട നിർമ്മാണ സാമഗ്രികളും , പ്ലാസ്റ്റിക് ആൻഡ് ഫർമസേപ്റ്റിക്കൽ , ടെസ്റ്റിലെ ഉത്പന്നങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കും . കൂടാതെ വ്യവസായ അനനുബന്ധമായ ലോജിസ്റ്റിക്സിനും ഈ പാർക്കിൽ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

തുറമുഖം, വിമാനത്താവളം , കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവ അടുത്തടുത്തുള്ള കൊച്ചിയിൽ പാർക്കിനു അനന്തമായ വികസനസാധ്യതയാണ് വഴി തുറക്കുന്നത്. ഗെയിൽ വാതക പൈപ്പ് ലൈൻ വഴി കുറഞ്ഞ ചെലവിലും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനം ലഭ്യമാകുന്നത് പാർക്കിലെ വ്യവയസായങ്ങൾക്കു സഹായകമാകും. പാർക്ക് പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോട് കൂടെ പതിനായിരം പേർക്ക് വീതം പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന് കീഴിൽ കൊച്ചിയിൽ ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത് . ബി.പി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ഒരു ക്ലസ്റ്റർ സ്ഥാപിക്കാനുമാണ് പാർക്ക് ലക്ഷ്യമിടുന്നത് . കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. നിലവിൽ 171 ഏക്കർ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയിൽ അനുവദിച്ചു .

33% ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കുന്നതിനായി നിലനിർത്തും. 229 ഏക്കർ ഭൂമിയാണ് വ്യവസായ സംരംഭങ്ങൾക്കായി പെട്രോകെമിക്കൽ പാർക്കിൽ ലഭ്യമാവുക. ദിവസത്തിൽ 12 മില്യൺ ലിറ്റർ ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയിൽ വാതക പൈപ്പ് ലൈൻ, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ കിൻഫ്ര ഒരുക്കും. 300 കോടി രൂപ ചെലവിൽ ഒരുക്കുന്ന പാർക്ക് 30 മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.