കൊല്ലം:  സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി  സമകാലീന മാധ്യമപ്രവര്‍ത്തനം ഏറെ  വികാസം പ്രാപിച്ചെന്നും  ജനാധിപത്യവത്കരണം മേഖലയില്‍ സാധ്യമായെന്നും മുതിര്‍ന്ന മാധ്യമ ചിന്തകനായ ഡോ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും  ആഭിമുഖ്യത്തില്‍ കടപ്പാക്കട സ്പോര്‍ട്‌സ് ക്ലബ്ബില്‍ സംഘടിപ്പിച്ച മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാലയും ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമം തന്നെയാണ് സന്ദേശമെന്ന കനേഡിയന്‍ മാധ്യമ ചിന്തകനായ        മക്‌ലൂഹന്റെ വാക്കുകള്‍ പ്രസക്തമാണ്. നവ മാധ്യമ ലോകത്ത് വേഗതയോടൊപ്പം അവധാനതയും  അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ചടങ്ങില്‍ അധ്യക്ഷനായി. മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സല്‍ട്ടന്റ്  സുനില്‍ പ്രഭാകറാണ് ശില്പശാലയില്‍ ക്ലാസെടുത്തത്. മൊബൈല്‍ ജേര്‍ണലിസത്തിന്റെ പ്രാധാന്യം, സാധ്യതകള്‍, വെല്ലുവിളികള്‍, ദേശീയ-അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ മൊബൈല്‍ ജേര്‍ണലിസത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍  തുടങ്ങിയവ ശില്പശാലയില്‍ വിഷയങ്ങളായി. അഞ്ചോളം ജില്ലകളില്‍ നിന്നുള്ളവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

കേരള വിഷന്‍ ചെയര്‍മാനും കേബിള്‍ ടി വി അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അഗവുമായ പ്രവീണ്‍ മോഹന്‍, കേരള വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന      എക്‌സിക്യൂട്ടീവ് അംഗവുമായ ബിനു ശിവദാസന്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ്  അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍, ട്രഷറര്‍ സിബി, ജില്ലാ സെക്രട്ടറി എസ് സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന പെരുമയില്‍ കൊല്ലം വികസന ചിത്രപ്രദര്‍ശനവും പരിപാടിയോടനുബന്ധമായി സംഘടിപ്പിച്ചിരുന്നു.