*ഒഎന്‍വിയുടെ ജനനദിവസം പിതാവെഴുതിയ ഡയറിക്കുറിപ്പ് കൈമാറി
സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ചരിത്ര രേഖകള്‍സമാഹരിക്കുന്നതിന് സംസ്ഥാന സാക്ഷരതാ മിഷനും ആര്‍ക്കൈവ്‌സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചരിത്ര രേഖാ സര്‍വേക്ക് തുടക്കമായി. തിരുവനന്തപുരത്ത് മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി സരോജിനിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രിയും ചേര്‍ന്ന് ചരിത്ര രേഖകള്‍ സ്വീകരിച്ച് സര്‍വേ ഉദ്ഘാടനം ചെയ്തു.
ഒ.എന്‍.വി. കുറുപ്പിന്റെ പിതാവ് കൃഷ്ണക്കുറുപ്പ് 1931ല്‍ എഴുതിയ ഡയറിക്കുറുിപ്പുകള്‍ ഇതില്‍ ശ്രദ്ധേയമാണ്. 1931 മെയ് ഇരുപത്തിയേഴിലെ താളില്‍ ‘ഇന്ന് ഒരു സുദിനമാണ്. ശ്രീമാന്‍ ജവഹര്‍ലാല്‍ നെഹ്രുവിന് മംഗളപത്രം സമര്‍പ്പിച്ച യോഗം കഴിഞ്ഞ് ചവറയിലെത്തിയപ്പോള്‍ തനിക്കൊരു ആണ്‍കുഞ്ഞു പിറന്നു എന്ന കാര്യം അറിഞ്ഞു’ എന്നും ഒ.എന്‍.വിയുടെ ഗ്രഹനിലയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1950ലെ ഒഎന്‍വിയുടെ കയ്യൊപ്പുള്ള പാഠപുസ്തകവും 1974ല്‍ എഴുതിയ കറുത്ത പക്ഷിയുടെ പാട്ട് എന്ന കൃതിയുടെ കൈയെഴുത്തു പ്രതിയും കൈമാറിയ രേഖകളില്‍ പ്രധാനപ്പെട്ടവയാണ്.
കേരളത്തില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ധാരാളം ചരിത്ര രേഖകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടെന്നും ഇവ സമാഹരിച്ച് പുരാരേഖാവകുപ്പിന് കൈമാറാനാണ് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇത്തരം ചരിത്ര രേഖകള്‍ കണ്ടെത്തി ആഴത്തില്‍ പഠിക്കാനും സമൂഹത്തിന് പ്രയോജനപ്പെടും വിധം പുരാരേഖകളെ വര്‍ത്തമാനകാലവുമായി കൂട്ടിയിണക്കാനും ശ്രമിക്കും. കേവല സാക്ഷരത നേടിയ നമ്മുടെ സംസ്ഥാനം വിവിധ മേഖലകളില്‍ കൂടി സക്ഷരതയാര്‍ജിക്കുന്നതിന്റെ ഭാഗമാണ് ഈ സര്‍വേയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സാക്ഷരതാമിഷന്റെ എഴുപതിനായിരത്തോളം പഠിതാക്കള്‍ സര്‍വേയില്‍ പങ്കാളികളാകും.
പുരാരേഖകള്‍ നാടിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഹൃദയസ്പന്ദനമാണ്. അവ പുതുതലുറയിലേക്കെത്തിക്കാനുള്ള യജ്ഞത്തിന്റെ സമാരംഭമാണ് ഈ പരിപാടിയിലൂടെ നടക്കുന്നതെന്ന് പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മെയ് 27ന് സര്‍വേ പൂര്‍ത്തിയാകും. ജൂണ്‍ മൂന്നു മുതല്‍ സര്‍വേ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളില്‍ ക്രോഡീകരിക്കും. ജൂണ്‍ 13ന് ചരിത്രരേഖാ സര്‍വേ സംസ്ഥാനതല റിപ്പോര്‍ട്ട് പുരാരേഖ വകുപ്പിന് കൈമാറും. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, പുരാരേഖാവകുപ്പ് ഡയറക്ടര്‍ പി. ബിജു, അഡീഷണല്‍ സെക്രട്ടറി ഗീത, ഒഎന്‍വിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.