കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമം നടപ്പാക്കുന്നതില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ കമ്മീഷന് കഴിഞ്ഞിട്ടുണ്ട്. റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം പൊതുവിതരണ മേഖലയില്‍ ശ്രദ്ധേമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന വിഷയത്തില്‍ കമ്മീഷന്‍ അംഗം അഡ്വ. ബി. രാജേന്ദ്രന്‍ സെമിനാര്‍ നയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ് ഉണ്ണികൃഷ്ണകുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ഷൈല, ഐ.സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി. ആഷാ മോള്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

കമ്മീഷന്‍ അംഗങ്ങളായ അഡ്വ.പി വസന്തം, വി. രമേശ്, എം.വിജയലക്ഷ്മി, കെ. ദിലീപ് കുമാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറിനോടനുബന്ധിച്ച് വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്ത അദാലത്തും സംഘടിപ്പിച്ചു.