കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയിൽ ഒരു കറ്റാമറൈൻ ബോട്ട് സർവീസ് ആരംഭിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയോടു കൂടിയ കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് യാത്ര ചെയ്യാനാവും. നിലവിലെ ബോട്ടുകളിലെ യാത്രാ നിരക്ക് തന്നെയാവും ഇതിലും. സുരക്ഷയും യാത്രാസുഖവും ഉറപ്പ് നൽകുന്നവയാണ് കറ്റാമറൈൻ ബോട്ടുകൾ. എൻജിന്റെ കടുത്ത ശബ്ദം ഇത്തരം ബോട്ടുകൾക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

സാധാരണ ബോട്ടുകളെക്കാൾ വലിപ്പക്കൂടുതലുള്ള ഇവയ്ക്ക് 22 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ട്. രണ്ട് എൻജിനും രണ്ട് ഹള്ളുമാണ് ഉള്ളത്. കപ്പൽ സാങ്കേതിക വിദ്യയിലെ വിദഗ്ധ ശാസ്ത്രഞ്ജരും എൻജിനിയർമാരും ഉൾപ്പെട്ട സമിതി ഓരോ ഘട്ടവും പരിശോധിച്ചാണ് ബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. എറണാകുളം ജില്ലയിൽ കറ്റാമറൈൻ ബോട്ടുകൾ പൂർണതോതിൽ സർവീസ് ആരംഭിക്കുന്നതോടെ ബോട്ട് യാത്രയെ ആശ്രയിക്കുന്ന 80000ത്തിലധികം പേർക്ക് സുഖയാത്രയ്ക്ക് അവസരമൊരുങ്ങും.

ഇതിനൊപ്പം എറണാകുളം ജില്ലയിൽ വാട്ടർ ടാക്‌സി സർവീസും ആരംഭിക്കുകയാണ്. ആലപ്പുഴയിലും പറശിനിക്കടവിലും വാട്ടർ ടാക്‌സി സർവീസ് വിജയമായതിനെ തുടർന്നാണ് എറണാകുളം ജില്ലയിലും ആരംഭിക്കാൻ തീരുമാനിച്ചത്. വാട്ടർ ടാക്‌സിയിൽ പത്തു പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാവും. മണിക്കൂറിനാണ് ചാർജ്. ഓൺലൈൻ ടാക്സികളുടെ മാതൃകയിലാവും വാട്ടർ ടാക്സികളും പ്രവർത്തിക്കുക. ജലഗതാഗത വകുപ്പ് പ്രസിദ്ധീകരിക്കുന്ന നമ്പറിലാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്.

ആധുനിക സൗകര്യങ്ങളുള്ള ബോട്ട് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കും. എറണാകുളം മേഖലയിലെ എല്ലാ റൂട്ടുകളിലും വാട്ടർ ടാക്‌സിയുടെ സേവനം ലഭ്യമാകും. ഏകദേശം 70 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിർമ്മാണ ചെലവ്. ഓരോ ബോട്ടിലും ഒരു ഡ്രൈവർ കം സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടുകളിൽ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതം സാധ്യമായ എല്ലായിടങ്ങളിലേക്കും വാട്ടർടാക്സി ലഭ്യമാകും.