മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദന സഹകരണ യൂനിറ്റായ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ക്ഷീര സുകന്യ പദ്ധതിയുടെ പ്രഖ്യാപനവും ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മലപ്പുറം ഡയറി നിര്‍മാണത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണവും ക്ഷീര സദനം രണ്ടാം ഘട്ടത്തിന്റെ  പ്രഖ്യാപനവും  ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ മൂര്‍ക്കനാട് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി.വലിയൊരു ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളതെന്നും ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനായി ഏറ്റവും അനിവാര്യമാണ് പാല്‍പ്പൊടി ഫാക്ടറിയെന്നും ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കേരളത്തെ വികസനത്തിന്റെ ക്യാന്‍വാസില്‍ ഒരുമിച്ച് കാണാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതാണ് ഈ സംരംഭം മൂര്‍ക്കനാട് തുടങ്ങുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ സൂചികയെന്ന് മന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു. ഒരിക്കലും ആവശ്യകത കുറയാത്ത സാധനം ഭക്ഷ്യവസ്തുക്കളാണ്. കൊറോണ കാലത്ത് മറ്റ് എല്ലാ വസ്തുക്കളുടെയും ആവശ്യകത കുറഞ്ഞു. എന്നാല്‍ ഭക്ഷ്യ വസ്തുകളുടെ നിര്‍മാണത്തിലും വിതരണത്തിലും അതിന്റെ കച്ചവടത്തിലും വലിയ തോതിലുള്ള വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നതെന്നും അതുംകൂടി കണക്കിലെടുത്താണ് ഇതുപോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നതും അതിന് അടിസ്ഥാനമായിട്ടുള്ള പശ്ചാത്തലസൗകര്യങ്ങള്‍ സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം ജില്ല പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും മലബാര്‍ മേഖല മുഴുവന്‍ ആ നേട്ടത്തിന്റെ നിരവിലാണെന്ന മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിവിധ ക്ഷീര കര്‍ഷകരെ ആദരിച്ചു. കൂടാതെ ക്ഷീര സുകന്യ, ക്ഷീര സദനം എന്നീ പദ്ധതികളുടെ ഭാഗമായി ആളുകള്‍ക്ക് ധനസഹായവും വിതരണം ചെയ്തു.

മൂര്‍ക്കനാട്  12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മില്‍മ ഡയറി പ്ലാന്റിനോടു ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതന രീതിയിലുള്ള പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ നിര്‍മാണം. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15.50 കോടി രൂപയും നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ധനസഹായമായി 32.72 കോടി രൂപയും മലബാര്‍ മില്‍മയുടെ  വിഹിതമായ 5.71 കോടി രൂപയുമാണ് പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിക്കായി വകയിരുത്തിയിട്ടുള്ളത്.  മലബാര്‍ മേഖലാ യൂനിയന്റെ കീഴില്‍ പുതിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വരുന്നതോടെ മിച്ചം വരുന്ന പാല്‍ പൊടിയാക്കുന്നതിനായി  ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
കേരളത്തിലെ മില്‍മയുടെ ആദ്യ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വന്നത് ആലപ്പുഴയിലാണ്. ഇത് പ്രവര്‍ത്തന രഹിതമായതോടെ പാല്‍പ്പൊടി നിര്‍മിക്കാനായി പാല്‍ തമിഴ്നാട്ടില്‍ എത്തിച്ചാണ് പാല്‍പ്പൊടി നിര്‍മിച്ചിരുന്നത്.  ലോക്ക്ഡൗണ്‍ കാലത്ത് മിച്ചംവന്ന പാല്‍ പൊടിയാക്കിത്തരുവാന്‍ തമിഴ്‌നാട് വിസമ്മതിച്ചതോടെ മലബാര്‍ യൂനിയന്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി വരുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാവുകയാണ്. മലബാര്‍ മേഖലാ യൂനിയന്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക സഹകരണ യൂനിയനാണ്. 1990ല്‍ ആരംഭിച്ച മലബാര്‍ മേഖലാ യൂനിയനില്‍  പ്രതിദിനം എട്ട് ലക്ഷത്തോളം ലിറ്റര്‍  പാല്‍ സംഭരണവും സംസ്‌കരണവും വിപണനവും നടക്കുന്നു. മലബാര്‍ മേഖലാ യൂനിയനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 1200 ല്‍പ്പരം ആനന്ദ് മോഡല്‍ ക്ഷീരകര്‍ഷക സംഘങ്ങളിലായി മൂന്ന് ലക്ഷത്തില്‍പ്പരം ക്ഷീര കര്‍ഷകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ്, മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, നബാര്‍ഡ് ഡി. ഡി. എം. മുഹമ്മദ് റിയാസ്, മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദന യൂനിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഹ്‌മത്തുന്നീസ മാട്ടത്ത്, പി.ഷറഫുദ്ദീന്‍, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുള്‍ മുനീര്‍, പഞ്ചായത്ത് അംഗങ്ങളായ പി.ഖാസിം, പി.ബി.വിനീത, ഷാഹിന യൂസഫലി, എം.ആര്‍.ഡി. എഫ് സി.ഇ. ഒ ജോര്‍ജ്ജ് കുട്ടി, മലബാര്‍ മേഖല യൂണിയന്‍ ഭരണസമിതിയംഗങ്ങളായ ടി.പി.ഉസ്മാന്‍, പി.സുധാമണി, പി.പി.നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.