തിരുവനന്തപുരം: കായിക്കരക്കടവ്- വക്കം ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പാര്‍വതി പുത്തനാറിന് കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കായിക്കര പാലത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള അതിരുകല്ല് നാട്ടല്‍ പ്രക്രിയയ്ക്കു തുടക്കമായി. കായിക്കര ഭാഗത്ത് ഡെപ്യൂട്ടി സ്പീക്കറായ വി. ശശിയും വക്കം ഭാഗത്ത് ബി സത്യന്‍ എം.എല്‍.എയും അതിരുകല്ല് സ്ഥാപിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാലം നിര്‍മാണത്തിന് 2017-18 ലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 കോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് 5.5 കോടിയുടെ സാമ്പത്തിക അനുമതിയും അനുവദിച്ചു. പുതിയ പാലത്തിന് 222 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഉണ്ട്. 1.5 മീറ്റര്‍ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും പാലത്തിലുണ്ടാകും. ചടങ്ങില്‍ ജില്ല -ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.