മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍  വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജില്ലയിലെ 11  ഇലക്ട്രിക് സെക്ഷനുകളില്‍ ഫെബ്രുവരി 12 മുതല്‍ 28 വരെ പകല്‍ സമയങ്ങളില്‍ ഭാഗിമായി വൈദ്യുതി നിയന്ത്രണങ്ങളുണ്ടാകുമെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, പോത്തുകല്ല് എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി വിതരണം നടത്തുന്ന കരുവാരക്കുണ്ട്, മൂത്തേടം, കാളികാവ്, കരുളായി, പൂക്കോട്ടുംപാടം, ചുങ്കത്തറ, നിലമ്പൂര്‍, പോത്തുകല്ല്, അകമ്പാടം, എടക്കര, വഴിക്കടവ് ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളിക്കാവ്, പോത്തുകല്ല് എന്നീ സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് നിലവില്‍ മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ വഴിയാണ്. ഈ ലൈനിന്റെ ശേഷികുറവ് കാരണം ഈ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതിനാല്‍  കെ.എസ്.ഇ.ബിയുടെ 100 കോടിയോളം രൂപയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 55 കി.മി നീളമുള്ള ഓവര്‍ ഹെഡ് ഹൈടെന്‍ഷന് കെ.വി ലൈന്‍ ശേഷി ഉയര്‍ത്തി 110 കെ.വി ശേഷിയുള്ള ഇരട്ട സര്‍ക്യൂട്ടാക്കല്‍,  നിലവിലെ 66 കെ.വി നിലമ്പൂര്‍, എടക്കര സബ്‌സ്റ്റേഷനുകള്‍ 110 കെ.വി ശേഷിയിലേക്ക് ഉയര്‍ത്തി 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് പ്രസരണ ലൈനിന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് വൈദ്യുതി നിയന്ത്രിക്കുന്നത്.
പ്രവൃത്തികളുമായി ബന്ധപ്പെട്ടിട്ടുള്ള വൈദ്യുതി തടസം പരമാവധി ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി ലിമിറ്റഡിലെ പ്രസരണ വിഭാഗങ്ങള്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ ഭാഗിക തടസം വരാന്‍ സാധ്യതയുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം കാളികാവ്, പോത്തുകല്ല് എന്നീ സബ്‌സ്റ്റേഷനിലേക്ക് ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി എത്തിക്കുവാന്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന് സാധിക്കും. ഈ പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് തടസരഹിതമായി വൈദ്യുതി വിതരണം ലഭിക്കുവാനും നിലവിലുള്ള വൈദ്യുതി പ്രതിസന്ധി മറികടക്കുവാനും പദ്ധതി മൂലം കഴിയും.