സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

സർവേ നടപടികൾ കാലോചിതമായി പരിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. തിരുവനന്തപുരത്തെ ആധുനിക സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവേ മേഖലയിൽ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തി നിശ്ചിത സമയത്ത് സർവേ പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. പുതിയ കെട്ടിടത്തിൽ ജീവനക്കാർക്ക് ആധുനിക സർവേ ഉപകരണങ്ങളിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറൻസ് സ്റ്റേഷനുകൾ (CORS) സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്കുള്ള പരിശീലനം കേന്ദ്രത്തിൽ നൽകും. സർവേയും ഭൂരേഖയും വകുപ്പിന്റെ ഭാഗമായ ആധുനിക സർവേ പരിശീലന ഗവേഷണ കേന്ദ്രത്തിൽ മറ്റ് വകുപ്പുകളിലെ ജീവനക്കാർക്കും നിശ്ചിത യോഗ്യതയുള്ള പഠിതാക്കൾക്കും പരിശീലനം നൽകും. പി.ടി.പി നഗറിലെ ഐ.എൽ.ഡി.എമ്മിന് സമീപം രണ്ട് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്.

ലാന്റ് റവന്യൂ കമ്മീഷണർ കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടർ പുഷ്പ പി.ആർ, ഐ.എൽ.ഡി.എം ഡയറക്ടർ പി. ജി തോമസ് എന്നിവർ സംബന്ധിച്ചു.