തിരുവനന്തപുരം:   ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണർവേകി അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി വാങ്ങി നൽകിയ ആംബുലൻസിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലൻസ് വാങ്ങി നൽകിയത്.  മംഗലാപുരം  കുടുംബാരോഗ്യ കേന്ദ്രത്തിൽ  നൽകുന്ന ആംബുലൻസ് നാളെ (ഫെബ്രുവരി 12) നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കൈമാറും.
ഡെപ്യൂട്ടി സ്‌പീക്കർ വി ശശിയുടെ  മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 92.30ലക്ഷം രൂപ ചെലവഴിച്ച്  ഇതോടെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി  ആകെ അഞ്ച് ആംബുലൻസുകൾ കൈമാറിയിട്ടുണ്ട്.ഇവയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 30  ലക്ഷം രൂപ ചെലവിട്ട് കൈമാറിയ വെന്റിലേറ്റർ അടക്കം സൗകര്യങ്ങളുള്ള ആംബുലൻസ് ഇതിനോടകം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പെരുമാതുറ ആരോഗ്യ കേന്ദ്രം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് മറ്റ് ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.