സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും വാക്‌സിന്‍ സ്വീകരിച്ചു.

തിരുവനന്തപുരം:  കോവിഡ് 19 മുന്‍നിര പോരാളികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചുകൊണ്ട് വിതരണത്തിനു തുടക്കമിട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ എത്രയും വേഗം പോലീസുകാര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും വാക്‌സിന്‍ എടുത്തതോടെ തന്റെ ആത്മവിശ്വാസം വര്‍ധിച്ചതായും പൊലിസ് മേധാവി പറഞ്ഞു.

ജില്ലയില്‍ ഇതുവരെ 42,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. 18,000 മുന്‍നിര പ്രവര്‍ത്തകര്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ്, റവന്യു, ഫയര്‍ഫോഴ്‌സ്, മറ്റു സേനാ വിഭാഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിൻ നല്‍കുന്നത്. ഇവ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.സി.പി വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.