പുരസ്‌കാര നിറവിൽ ചിത്താരി ക്ഷീരവ്യവസായ സംഘം 

കാസർഗോഡ്: സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ ചിത്താരി ക്ഷീരവ്യവസായസംഘം. സംസ്ഥാന ക്ഷീരവികസന വകുപ്പ് നൽകുന്ന പുരസ്‌കാരം ഫെബ്രുവരി 11ന് കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങും. സംസ്ഥാനത്തെ 314 പരമ്പരാഗത ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നാണ്, കാഞ്ഞങ്ങാട് ബ്ലോക്കിലെ ചിത്താരി ക്ഷീരസംഘം തെരഞ്ഞെടുക്കപ്പെട്ടത്.

പാൽ സംഭരണം, സംസ്‌കരണം, ഓഡിറ്റ് ക്ലാസിഫിക്കേഷൻ, വാർഷിക വിറ്റുവരവ്, ക്ഷീരകർഷക ക്ഷേമപ്രവർത്തനങ്ങൾ എന്നിവ കണക്കാക്കിയാണ് പുരസ്‌കാരം നിർണയിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്തിലെ രാവണീശ്വരത്ത് 1975 മാർച്ച് അഞ്ചിന് രജിസ്റ്റർ ചെയ്ത് ആറ് കർഷകരിൽ നിന്ന് ഒമ്പത് ലിറ്റർ പാൽ സംഭരിച്ച് വാടകക്കെട്ടിടത്തിൽ ആരംഭിച്ച ചിത്താരി ക്ഷീരസംഘം ഇന്ന് 20 കർഷകരിൽ നിന്ന് 1100 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുന്നു. ഇപ്പോൾ സംഘത്തിന് കെട്ടിടവും രണ്ട് ഏക്കർ 11 സെന്റ് സ്ഥലവും സ്വന്തമായുണ്ട്.

ക്ഷീരകർഷകർക്ക് പാലിന് യഥാർഥ വില സുതാര്യമായി നൽകുന്നു. അർഹതയുള്ള കർഷകർക്ക് പശുക്കളെ വാങ്ങാൻ വായ്പ നൽകുന്നതിന് പുറമെ കാലിത്തീറ്റ, മിനറൽ മിക്സ്ചർ, വൈക്കോൽ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വിതരണം നടത്തുന്നു. പുൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ പുൽക്കട സൗജന്യമായി കർഷകർക്ക് നൽകുന്നു. നൂതന അറിവുകൾ കർഷകർക്ക് നൽകാൻ പഠന ക്ലാസുകളും പശുക്കളുടെ ആരോഗ്യശ്രദ്ധയ്ക്കു വേണ്ടി മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ധാന്യകിറ്റുകൾ നൽകി കർഷകരെ സഹായിച്ചു. പഠനക്ലാസുകൾ, പൊതുയോഗം, കർഷകസമ്പർക്ക പരിപാടികൾ തുടങ്ങിയവ നടത്താനായി ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ സംഘത്തിന് സ്വന്തമായി ഉണ്ട്. സംഘാംഗങ്ങളിൽ 110 പേർ ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളാണ്. അവർക്ക് പെൻഷനും ലഭിച്ചു വരുന്നു. കേരള സർക്കാരിന്റെ ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ അംഗങ്ങളാക്കിയിട്ടുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ കർഷകർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സംഘത്തിൽ സ്ഥാപിച്ച കിടാരി പാർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 2018-2019 വർഷം ക്ഷീരവികസന വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാർക്കുകളിൽ ഒന്നാണിത്. ഏഴ് മുതൽ 15 മാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങി വളർത്തി, പ്രസവിക്കുമ്പോൾ പശുവിനെയും കിടാവിനെയും ക്ഷീരകർഷകർക്ക് വിൽക്കുന്ന പദ്ധതിയാണിത്.

കാർഷിക വിളകൾ വിറ്റഴിക്കാനും കർഷകർക്ക് ന്യായവില ഉറപ്പു വരുത്തുന്നതിനും വിപണന സൗകര്യം ഒരുക്കി. കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും, മുട്ടയും സംഘത്തിൽ വിപണനം നടത്താനുള്ള സൗകര്യം ഉണ്ട്. തികച്ചും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ മാത്രമേ ഇവിടെ സംഭരിക്കുന്നുള്ളൂ. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംഘത്തിൽ, കോഴി വളർത്തൽ യൂണിറ്റും ആരംഭിച്ചു. സംഘത്തിൽ 200 കോഴികളെ വളർത്താനുള്ള സൗകര്യം ഉണ്ട്. കോഴിവളവും ചാണകവും ചേർത്ത് ജൈവവളം കർഷകർക്ക് ന്യായമായ വിലയ്ക്ക് വിൽപന നടത്തുന്നു. കർഷക കൂട്ടായ്മയിലൂടെ വിജയത്തിന്റെ പുതിയ പടവുകൾ തേടുകയാണ് ഈ ക്ഷീരസംഘം.