പാലക്കാട്: അഗളയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാതിക്കാരെ അവര്‍ നില്‍ക്കുന്ന  സ്ഥലത്തെത്തിയാണ് മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തിയത്. താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന ഭിന്നശേഷി വിഭാഗക്കാര്‍ അദാലത്ത് നടക്കുന്ന രണ്ടാം നിലയിലേക്ക് കയറി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ മന്ത്രിമാര്‍ താഴത്തെ നിലയിലേക്കെത്തുകയായിരുന്നു.

ഇത്തരത്തില്‍ മൊത്തം 18 പരാതികള്‍ പരിഗണിച്ചതില്‍ 10 പേര്‍ക്ക് ചികിത്സാ ധനസഹായമായി 25000 രൂപ അനുവദിച്ചു. മൂന്ന് പേര്‍ക്ക് ഒരു ലക്ഷം വീതവും ഒരാള്‍ക്ക് 50000 രൂപയുമാണ് അനുവദിച്ചത്. ബാക്കിയുള്ള നാലില്‍ ഒന്ന് സബ് കളക്ടറുടെ ഓഫീസിലേക്കും മറ്റുള്ളവ ജില്ലാ എംപ്ലോയ്‌മെന്റ്, പട്ടികജാതി,സാമൂഹിക നീതി വകുപ്പുകള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനം അനുവദിച്ചത്.



സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കിയത് – 4,63000 രൂപ

അട്ടപ്പാടിയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഉച്ചയ്ക്ക് 12 വരെ വിവിധ ധനസഹായങ്ങളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 29 പേര്‍ക്ക് 4,63000 രൂപയുടെ സഹായം അനുവദിച്ചു. ചികിത്സസഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായി ലഭിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നത്. ഉച്ചയ്ക്ക് 12 വരെ വിവിധ വകുപ്പുകളിലായി  ആകെ  719 അപേക്ഷകളാണ് നേരിട്ട് ലഭിച്ചിട്ടുള്ളത്.