മലപ്പുറം:   വീടെന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തോടെയാണ് വഴിക്കടവ് മരുത ചേര്‍ക്കുന്നന്‍ വീട്ടില്‍ സാബിറ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.  ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറിയുള്ള ഷെഡില്‍ താമസിക്കുന്ന സാബിറ നിറ കണ്ണുകളോടെയാണ് തന്റെ അവസ്ഥ  മന്ത്രി ടി.പി രാമകൃഷ്ണനോട് പങ്കുവെച്ചത്. അവരുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ മന്ത്രി അധികൃതരോട് വിശദീകരണം തേടുകയും ലൈഫ് പദ്ധതിയില്‍ വീട് ഉറപ്പ് നല്‍കുകയും ചെയ്തു.

ജ്യേഷ്ഠത്തി സുബൈദക്കൊപ്പമാണ് സാബിറ ഒറ്റ മുറി ഷെഡ്ഡില്‍ കഴിയുന്നത്. ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ അയല്‍ വീടുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. അവിവാഹിതരായ ഇരുവരും തൊഴിലുറപ്പിന് പോയാണ് കുടുംബം പുലര്‍ത്തുന്നത്. അടച്ചുറപ്പുള്ള വീട് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നെന്നും അത് സഫലമാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സാബിറ പ്രതികരിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കിയതും വളരെ ഉപകാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.