കൊല്ലം: പട്ടികജാതി-വര്ഗ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ലോകത്തേക്ക് പുതിയ ചുവടുവയ്പ്പ് നടത്താന്‍ കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് പുതിയ സയന്‍സ് ലാബായി. സയന്‍സ് ലാബിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം പട്ടികജാതി-വര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം താമസിക്കുവാനുള്ള സൗകര്യം, പോഷകാഹാരത്തിന്റെ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നതിനാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായും ഇത്തരം സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഇവരെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ-സാങ്കേതിക രംഗത്ത് ധാരാളം പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ നൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ്, എക്‌സൈസ് വകുപ്പുകളില്‍ ജോലി ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 500 ഉദ്യോഗാര്‍ഥികളെ ഫോറസ്റ്റ് ഗാര്‍ഡ് ആക്കുന്നതിനും തീരുമാനമായി. നൈപുണ്യ വികസനത്തിന്റെ ഭാഗമായി പരിശീലനം കിട്ടിയ മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി ലഭ്യമാക്കുന്നതിനും കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
44 ലക്ഷം രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരമുള്ള അപ്പാരറ്റസുകള്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യത്തോടെയാണ് സയന്‍സ് ലാബ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
