മാടക്കത്തറ-അരീക്കോട് ട്രാൻസ്മിഷൻ ലൈൻ യാഥാർത്ഥ്യമായി

തൃശ്ശൂർ:    ഏറനാട് ലൈൻസ് പാക്കേജ് യാഥാർത്ഥ്യമായതോടെ വടക്കൻ ജില്ലകളിലേക്കുള്ള വൈദ്യുതി പ്രസരണം സുഗമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രഥമ 400 കെ വി ട്രാൻസ്മിഷൻ ലൈൻ മാടക്കത്തറയിൽ നിന്നും അരീക്കോട്ടേക്ക് നിർമ്മിച്ചതിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.നിലവിലുള്ള മാടക്കത്തറ-മലാപ്പറമ്പ് 220 കെ വി ലൈൻ- 220 കെ വി ഡബിൾ സർക്യൂട്ട് ആക്കി നല്ലളം വരെ നിർമ്മിച്ചതിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

കേരളത്തിലെ വൈദ്യുതി ഇറക്കുമതിയുടെ ഹബ്ബായ തൃശൂരിൽ നിന്നും കോഴിക്കോടേക്കും മലബാറിലെ വിവിധ പ്രദേശങ്ങളിലേക്കും പ്രസരണ നഷ്ടം കുറച്ച് കൊണ്ട് ഇനി മുതൽ ഹൈ വോൾട്ടേജ് വൈദ്യുതി എത്തിക്കാനാകും. പ്രസരണരംഗത്ത് ഗുണപരമായ മാറ്റം വരുന്നതിനായി 10,000 കോടി രൂപയുടെ 13 പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിലൊന്നാന്ന് ഏറനാട് ലൈൻസ് പാക്കേജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്പൂർണ വൈദ്യുതീകരണവും വൈദ്യുതി കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനമായി കേരളം മാറുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലായതായി അധ്യക്ഷ പ്രസംഗത്തിൽ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.

ജലവൈദ്യുത പദ്ധതിയുടെ സാധ്യത ഇല്ലാത്തതിനാൽ സൗരോർജ്ജത്തെ കേന്ദ്രികരിക്കുന്ന ഊർജ്ജോൽപ്പാദന രംഗത്ത് പുതിയ മാർഗം സ്വീകരിക്കും. സൗരോർജ്ജം കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതിന് കെ എസ്ഇബിയും സർക്കാരും എല്ലാ സഹായവും നൽകുമെന്നും മന്ത്രി എം എം മണി പറഞ്ഞു.

നിലവിലുള്ള 220 കെ.വി. മാടക്കത്തറ – അരീക്കോട് ലൈനിൻ്റെ ശേഷി വർദ്ധിപ്പിച്ചു 400/220 കെ വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനാക്കുന്ന പ്രവൃത്തിയാണ് ഏറനാട് ലൈൻസ് പാക്കേജ്. തമിഴ് നാട്ടിലെ പുഗലൂരിൽ നിന്നും 320 കെ വി എച്ച് വി ഡി സി ലൈൻ വഴി കേരളത്തിന് ലഭ്യമാകുന്ന വൈദ്യുതി വടക്കൻ കേരളത്തിലേക്ക് എത്തിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 521 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിൽ 467.62 കോടി രൂപ ചിലവഴിച്ചു. ഇതിൽ 333.93 കോടി രൂപ ഗ്രാൻ്റായി കേന്ദ്ര സർക്കാരിന് പി എസ് ഡി എഫ് ഫണ്ട് വഴി ലഭ്യമായി.

വൈദ്യുതി മന്ത്രി കെ എം മണി ശിലാഫലകം അനാച്ഛാദനം ചെയ്ത ചടങ്ങിൽ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ഡിസ്ട്രിബ്യൂഷൻ ഐ ടി ആൻ്റ് എച്ച് ആർ എം കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടർ പി കുമാരൻ, ട്രാൻസ് ഗ്രിഡ് ചീഫ് എഞ്ചിനീയർ രാധാകൃഷ്ണൻ , ട്രാൻസ്മിഷൻ ആൻ്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ ഡോ പി രാജൻ എന്നിവർ പങ്കെടുത്തു.