കണ്ണൂർ:  മാടായി  ഗവണ്‍മെന്റ് ഐ ടി ഐയുടെ പുതിയ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വഹിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐക്ക് 3.10 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍  അനുവദിച്ചത്.

പഴയ വര്‍ക്ക് ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്ത് രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് വര്‍ക്ക് ഷോപ്പുകളും അതിനോടനുബന്ധിച്ച് സ്റ്റോര്‍ റൂമുകള്‍, ഓഫീസ്, പ്രിന്‍സിപ്പല്‍ റൂം, വിസിറ്റേഴ്‌സ് റൂം, ലൈബ്രറി, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളും ഒരുക്കും. കൂടാതെ നിലവിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ട് ക്ലാസ് മുറികളും, ഒരു മള്‍ട്ടി പര്‍പ്പസ് ഹാളും സജ്ജീകരിക്കും. പുതിയതായി നിര്‍മ്മിക്കുന്ന കെടിടത്തില്‍ നിലവിലുള്ള പേയിന്റര്‍, പ്ലംബര്‍ എന്നീ ട്രേഡുകള്‍ക്ക് പുറമെ ഇലട്രിഷ്യന്‍ (2 വര്‍ഷം ) ഫിറ്റര്‍ (2 വര്‍ഷം ) എന്നീ ട്രേഡുകള്‍ കൂടി ആരംഭിക്കും. നിലവില്‍  ടെയിനികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി കമ്പ്യൂട്ടര്‍  ലാബും സ്മാര്‍ട്ട് ക്ലാസ് റൂമുകളും സജീകരിച്ചിട്ടുണ്ട്.

1957ല്‍ തൊഴില്‍ പരിശീലന കേന്ദ്രമായി  ആരംഭിച്ച് വെല്‍ഫയര്‍ ട്രെയിനിംഗ് സെന്റര്‍ എന്ന നിലയില്‍ സ്ഥാപനത്തില്‍ മരപ്പണി, ചൂരല്‍ പണി എന്നിവയില്‍  നിരവധി പേര്‍ക്ക് പരമ്പരാഗത തൊഴില്‍ നൈപുണ്യം പരിശീലനം നല്‍കി. 1992 മുതല്‍ ഐ ടി ഐയാക്കി ഉയര്‍ത്തി തൊഴില്‍ സാധ്യതയുള്ള എന്‍ സി വി റ്റി  കോഴ്‌സുകളായ പെയിന്റര്‍ ജനറല്‍ (രണ്ട് വര്‍ഷം) പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളില്‍ വര്‍ഷത്തില്‍ 64 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ഏക ഗവ.ഐ ടി ഐയാണ് മാടായി ഐ ടി ഐ. വിദ്യാര്‍ഥികള്‍ക്കയി നാല് കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഹോസ്റ്റല്‍ കെട്ടിടം 2019 ജൂണില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തിരുന്നു.  ഈ തുകയടക്കം അഞ്ച് വര്‍ഷത്തിനിടെ 7.10 കോടി രൂപയാണ് മാടായി ഐ ടി ഐക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. വെങ്ങരയില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജര്‍, ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ ടീച്ചര്‍, ജില്ല പട്ടികജാതി വികസന ഓഫീസര്‍ കെ വി രവി രാജ്, പി ഡബ്‌ള്യുഡി എക്‌സി.എഞ്ചിനീയര്‍ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.