ലിംഗസമത്വ സമ്മേളനത്തിന് തുടക്കം

കോഴിക്കോട്: സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമായി സാമൂഹിക വ്യാപാര സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ .ശൈലജ ടീച്ചര്‍. സ്ത്രീകളെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും പല മേഖലകളിലും ഇനിയും വിജയങ്ങള്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്കുള്ള എല്ലാ പിന്തുണയും ജെന്‍ഡര്‍ പാര്‍ക്ക് നല്‍കും.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടു സംസ്ഥാനസര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര സമ്മേളനം (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാളിറ്റി -2) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 13 വരെ യുഎന്‍ വിമണിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ലിംഗസമത്വം എന്നിവ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് യുഎന്‍ വിമനുമായി ചേര്‍ന്ന് ഇന്ത്യ, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍-വനിതാ സംബന്ധിയായ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക കേന്ദ്രം ജെന്‍ഡര്‍ പാര്‍ക്കില്‍ തുടങ്ങുന്നത്. വനിതാ സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററും ജെന്‍ഡര്‍ പാര്‍ക്കില്‍ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

ലിംഗസമത്വം കൊണ്ട് എന്താണോ വിഭാവനം ചെയ്തത് അത് ജെന്‍ഡര്‍ പാര്‍ക്കിലൂടെ പ്രാവര്‍ത്തികമാവുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന എ പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍, ആംഫിതിയേറ്റര്‍, ലൈബ്രറി, ജെന്‍ഡര്‍ മ്യൂസിയം എന്നിവ ഈ പദ്ധതിയുടെ സവിശേഷതകളാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം പാഠ്യപദ്ധതിയില്‍ കൂടി നല്‍കണമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ. പി.ടി.എം സുനീഷ് പറഞ്ഞു. സ്ത്രീകളെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും സംബന്ധിച്ച് സമൂഹത്തിനുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള അക്ഷീണ പ്രയത്നമായിരിക്കും ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ലിംഗസമത്വത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം ഇനിയും സമൂഹത്തില്‍ വളരേണ്ടതുണ്ടെന്ന് ഒഡിഷ സിവില്‍ സര്‍വീസിലെ ആദ്യ ട്രാന്‍സ്ജന്‍ഡറും ഒഡിഷ കോമേഴ്സ്യല്‍ ടാക്സ് ഓഫീസറുമായ ഐശ്വര്യ ഋതുപര്‍ണ പ്രധാന്‍ പറഞ്ഞു. സമൂഹത്തില്‍ നിന്നുള്ള സ്വീകാര്യതയാണ് ട്രാന്‍സ്ജന്‍ഡര്‍ സമൂഹം ഏറെ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സാംസ്‌ക്കാരികമായ ശാക്തീകരണമാണ് സ്ത്രീകള്‍ക്കാവശ്യമെന്ന് ഓണ്‍ലൈനായി പങ്കെടുത്ത മുന്‍ രാജ്യസഭാംഗം വൃന്ദകാരാട്ട് പറഞ്ഞു. പരമ്പരാഗതമായ സാംസ്‌ക്കാരിക അളവുകോലല്ല സ്ത്രീകള്‍ക്ക് വേണ്ടത്. സ്ത്രീകള്‍ ഒരടി മുന്നോട്ടു വയ്ക്കുമ്പോള്‍ രണ്ടടി അവരെ പിറകോട്ട് തള്ളുകയാണ് അധികാര കേന്ദ്രങ്ങള്‍ ചെയ്യുന്നത്. കേരളമാതൃകയില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കണമെന്നും അവര്‍ പറഞ്ഞു.

ആസൂത്രണ ബോര്‍ഡംഗവും ജെന്‍ഡര്‍ പാര്‍ക്ക് ഭരണസമിതി ഉപദേഷ്ടാവുമായ ഡോ. മൃദുല്‍ ഈപ്പന്‍, സ്വീഡിഷ് എംബസി സെക്കന്‍ഡ് സെക്രട്ടറി ജനാതന്‍ ക്ലം സ്റ്റെലാന്‍ഡര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണലിലെ സെന്റര്‍ ഫോര്‍ വുമണ്‍സ് ഇക്കണോമിക് എംപവര്‍മന്റ് ഡയറക്ടര്‍ ബാര്‍ബറ ലാംഗ്ലി, വിസിറ്റ് മാലിദ്വീപ് എംഡി തൊയ്യിബ് മുഹമ്മദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ലെ തുടങ്ങിയവര്‍ സംസാരിച്ചു.