വയനാട്:  വയനാടിന്റെ പിന്നാക്കാവസ്ഥകളെ മറികടക്കാന്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ഏഴായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ വയനാട് ജില്ലയിലെ സമ്പൂര്‍ണ്ണ വികസനത്തിന് നിദാനമാകുന്ന പദ്ധതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത്. വയനാട് ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളെയും പരിഹരിക്കുന്നതിന് പ്രാപ്യമായ പദ്ധതികളാണ് പാക്കേജില്‍ ഉള്‍ക്കൊള്ളി ച്ചിരിക്കുന്നത്.

കാപ്പികൃഷിയെ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പാക്കേജില്‍ മുന്‍ഗണന നല്‍കി. കിലോയ്ക്ക് 90 രൂപ വില നല്‍കി കര്‍ഷകരില്‍ നിന്നും കാപ്പി സംഭരിക്കും. ജില്ലയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മേഖല രൂപപ്പെടുത്തി വയനാടന്‍ കാപ്പി എന്ന പേരില്‍ ആഗോള ബ്രാന്‍ഡിങ്ങ് നടത്തി വിപണനം ചെയ്യും. കുരുമുളക് പുനരുദ്ധാരണത്തിന് പ്രത്യേക കാര്‍ഷിക വികസന പദ്ധതി നടപ്പാക്കും. പ്രതിവര്‍ഷം പത്ത് കോടി രൂപ വീതം അഞ്ച് വര്‍ഷം കൊണ്ട് 50 കോടി രൂപ ഇതിനായി വകയിരുത്തും. തേയില അടക്കമുള്ള മറ്റ് പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിനുളള പദ്ധതികളും പാക്കേജില്‍ ഇടം നേടി. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയം 2021 ല്‍ പൂര്‍ത്തിയാക്കും. ജില്ലയെ പുഷ്പകൃഷിയുടെ പ്രത്യേക സോണായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പുഷ്പകൃഷി വ്യാപിപ്പിക്കും. സുഗന്ധ നെല്‍കൃഷി സംരക്ഷണത്തിനും മറ്റുമായി കാര്‍ഷികമേഖയ്ക്ക് പ്രതിവര്‍ഷം 75 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും.
കാരാപ്പുഴ ജലസേചന പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കും. ജലസേചനത്തിനും മണ്ണ്, ജല സംരക്ഷണനത്തിനുമായി പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും. കാര്‍ഷിക സര്‍വകലാശാല, പൂക്കോട് വെറ്ററിനറി സര്‍വ കലാശാല എന്നിവ വിപുലീകരിക്കും, മൃഗ സംരക്ഷണ മേഖലയില്‍ വര്‍ഷം തോറും 20 കോടി രൂപ വീതം ചെലവഴിക്കും. ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം വികസനത്തിന് 50 കോടി രൂപ അനുവദിക്കും. ജില്ലയിലെ കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതിയുണ്ട്. തലശ്ശേരി ഹെറിറ്റേജ് ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെയും ഉള്‍പ്പെടുത്തും. വയനാട്ടിലെ ടൂറിസം മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ അനുവദിക്കും.

അടിസ്ഥാന സൗകര്യവികസനത്തില്‍ പ്രതിവര്‍ഷം 100 കോടി രൂപ വീതം ജില്ലയില്‍ ചെലവഴിക്കും. വയനാട്ടിലെ കോളേജുകളില്‍ കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കും. പഴശ്ശി ട്രൈബല്‍ കോളേജ് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ കൂടി അനുവദിക്കും. 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ വാട്ടര്‍ അതോറിറ്റി മുഖേന ജില്ലയില്‍ നടപ്പാക്കും. വൈദ്യുത പ്രസരണ ശൃംഖല ശക്തിപ്പെടുത്തും. 400 കെ.വി ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുളള് ഗ്രീന്‍ കോറിഡോര്‍ പദ്ധതിയും പാക്കേജില്‍ പ്രഖ്യാപിച്ചു.

ലൈഫ് മിഷനില്‍ 2021 ല്‍ കാലയളവില്‍ ജില്ലയില്‍ 5000 വീടുകള്‍ അനുവദിക്കും. ആദിവാസി ഊരുകളില്‍ പ്രത്യേക ഏരിയ പ്ലാനുകള്‍ നടപ്പാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്നും പ്രതിവര്‍ഷം 150 കോടി രൂപ ജില്ലയ്ക്കായി അനുവദിക്കും. കാര്‍ഷികേതര മേഖലയില്‍ 5000 പേര്‍ക്ക് പ്രതിവര്‍ഷം തൊഴില്‍ ലഭ്യമാക്കും. വന്യജീവി ആക്രമണം നേരിടാന്‍ കിഫ്ബിയില്‍ നിന്നുള്ള 100 കോടി രൂപ ലഭ്യമാക്കും.

വയനാട് ജില്ലയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നത് കിഫ്ബിയില്‍ നിന്നാണ് – 2000 കോടി രൂപ. വൈദ്യുതിബോര്‍ഡ്- 1000 കോടി രൂപ, മെഡിക്കല്‍ കോളേജ്- 700 കോടി രൂപ, കുടിവെള്ളം- 600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങള്‍. ഇതിനു പുറമേ പ്രതിവര്‍ഷം കൃഷിയും അനുബന്ധ മേഖലകള്‍ക്കും 150 കോടി രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് 150 കോടി രൂപയും റോഡുകള്‍ക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകള്‍ക്ക് 100 കോടി രൂപ വീതവും ചെലവഴിക്കുന്നതാണ്. അങ്ങനെ അഞ്ചു വര്‍ഷംകൊണ്ട് 2500 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും. വയനാട് പാക്കേജിന്റെ അടങ്കല്‍ 7000 കോടി രൂപയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ തുക ഇതിനു പുറമേയാണ്. ഏകോപിതമായും കാര്യക്ഷമമായും വയനാട് പാക്കേജ് തുക ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ വയനാടിന്റെ മുഖച്ഛായ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാക്കേജിന്റെ കാര്യക്ഷമമായി നടത്തിപ്പിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. പ്രതിമാസ അവലോകനം നടത്തി പാക്കേജിലൂടെ വയനാടിനെ മുന്‍ നിരയില്‍ എത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ കോഫീ സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ കളക്ടര്‍ അദീല അബ്ദുളള, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം തൊടി മുജീബ്, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, എ.ഡി.എം ടി. ജനില്‍ കുമാര്‍, വിവിധ രാഷ്ട്രീ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ചിത്രം)

*വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക്*

കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. ഇതിലൂടെ ജില്ലയുടെ മുഖമുദ്രയായി ഇക്കോ- ടൂറിസം മാറും. പാക്കേജ് പ്രഖ്യാപനത്തിലൂടെ ജനകീയ വികസന യജ്ഞത്തിനാണ് വഴി തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളെ കോര്‍ത്തിണക്കിയുള്ള ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

*കര്‍ഷക നാടിന് മുന്നേറ്റം – മന്ത്രി ഇ.പി. ജയരാജന്‍*
കാര്‍ഷിക പാക്കേജ് പ്രഖ്യാപനം ജില്ലയുടെ കാര്‍ഷിക രംഗത്തെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയായ വയനാട്ടിലെ കാപ്പി കൃഷിയെ അന്താരാഷ്ട്ര വിപണിയിലേക്ക് ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഐ.ടി മിഷന്റെ സഹകരണത്തോടെ പരിശോധിച്ച് വരികയാണ്. ജില്ലയിലെ പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളായി മാറ്റുന്നതിനായി ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യ മിടുന്നുണ്ട്. ഇതിനെല്ലാം അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്താനും സാധിക്കും. കാര്‍ഷിക ഉത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും നാടിന് ഗുണകരമാകും.