ഗവേഷണരംഗത്തെ കേരളീയരായ പ്രഗൽഭമതികളെ അംഗീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡ് 2020 ജേതാക്കളെ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രമുഖ ശാസ്ത്രജ്ഞർക്ക് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈരളി ഗവേഷക പുരസ്‌ക്കാരം, റിസർച്ച് ഫാക്കൽറ്റിക്ക് നൽകുന്ന കൈരളി ഗവേഷണ പുരസ്‌ക്കാരം, എന്നിവയാണ് കൈരളി ഗവേഷണ അവാർഡ് ശ്രേണിയിൽ ഉൾപ്പെടുന്ന പുരസ്‌ക്കാരങ്ങൾ.

കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പ്രൊഫ. എം. എസ്. വലിയത്താൻ (സയൻസ്), പ്രൊഫ. കെ.എൻ. പണിക്കർ(സോഷ്യൽ സയൻസ്) ഡോ. എം.ആർ. രാഘവ വാര്യർ (ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്), എന്നിവർക്കാണ്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൈരളി ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഡോ. സ്‌കറിയ സക്കറിയ (ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്), ഡോ. സാബു തോമസ് (സയൻസ്), ഡോ. സനൽ മോഹൻ (സോഷ്യൽ സയൻസ്) എന്നിവർക്കാണ്. രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൈരളി ഗവേഷക പുരസ്‌ക്കാരം ഡോ. ജബീൻ ഫാത്തിമ.എം. ജെ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കെമിക്കൽ സയൻസ്), ഡോ. എസ്. ശ്രീലക്ഷ്മി, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല(ബയോളജിക്കൽ സയൻസ്), ഡോ. അൻഷിതാ മൈയീൻ, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാല (ഫിസിക്കൽ സയൻസ്), ഡോ. സുചേത ശങ്കർ, കേരള സർവ്വകലാശാല (ആർട്സ് ആൻറ് ഹ്യുമാനിറ്റീസ്) എന്നിവർക്കാണ്. 25,000 രൂപയും പ്രശസ്തിപത്രവും രണ്ട് വർഷത്തേയ്ക്ക് റിസർച്ച് ഗ്രാൻറായി നാല് ലക്ഷം രൂപയും ട്രാവൽ ഗ്രാൻറായി 75,000 രൂപയുമാണ് പുരസ്‌കാരം.

കൈരളി ഗവേഷണ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡോ. ഫ്രാങ്ക്ളിൻ.ജെ, സേക്രട്ട് ഹാർട്ട് കോളേജ്, തേവര, കൊച്ചി (കെമിക്കൽ സയൻസ്), ഡോ. സുബോജ് ബേബികുട്ടി, മാർ ഇവാനീയോസ് കോളേജ്, തിരുവനന്തപുരം (ബയോളജിക്കൽ സയൻസ്), ഡോ. മധു എസ് നായർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (ഫിസിക്കൽ സയൻസ്), ഡോ. ദേവി സൗമ്യജ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (സോഷ്യൽ സയൻസ്), ഡോ. സന്തോഷ് മണിച്ചേരി, ഗവൺമെൻറ് ബ്രണ്ണൻ കോളേജ്, തലശ്ശേരി (ആർട്സ് ആന്റ്് ഹ്യുമാനിറ്റീസ്) എന്നിവരാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കൾക്ക് പുരസ്‌ക്കാരമായി ലഭിക്കുക. കൂടാതെ രണ്ട് വർഷത്തേയ്ക്ക് റിസർച്ച് ഗ്രാൻറായി 24 ലക്ഷം രൂപവരെ ലഭിക്കുന്നതിന് ഇവർക്ക് അർഹതയുണ്ടായിരിക്കും. സർക്കാരിനുവേണ്ടി കൈരളി റിസർച്ച് അവാർഡുകളുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന ഉന്നത വിഭ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ദ്ധസമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരെഞ്ഞെടുത്തത്. ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗൽഭർക്ക് ഒരു സംസ്ഥാനം ഇത്രയും പ്രാധാന്യമുള്ള അവാർഡുകൾ ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ഡോ. കെ.ടി. ജലീൽ അറിയിച്ചു.

ഡോ. പി.ബലറാം (ചെയർമാൻ, സെലക്ഷൻ കമ്മിറ്റി) ഫോർമർ ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബംഗളുരു, ഡോ. പ്രഭാത് പട്നായിക്, പ്രൊഫസർ, സെൻറർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആൻറ് പ്ലാനിംഗ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് (ജെ.എൻ.യു)മുൻ വൈസ് ചെയർമാൻ, കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ്, ഡോ. ഇ.ഡി. ജെമ്മീസ്, പ്രൊഫസർ ഓഫ് തിയോററ്റിക്കൽ കെമിസ്ട്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബംഗളുരു, സ്ഥാപക ഡയറക്ടർ, ഐസർ, തിരുവനന്തപുരം, പ്രൊഫ. സച്ചിദാനന്ദൻ, പൊയറ്റ് ആൻറ് ക്രിട്ടിക്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതി അംഗം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.