ഇടുക്കി:  മുരിക്കാശ്ശേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷ്യ – പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനതലത്തില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ പുതുതായി 90ഓാളം വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ അതിശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ട് ജനങ്ങള്‍ക്കാവിശ്യമായ ഭക്ഷ്യവസ്തുക്കള്‍ ന്യയവിലക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സപ്ലൈക്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദൈനംദിനമുള്ള ഇന്ധന വിലവര്‍ധനവിനിടയിലും വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ട്. ഗൃഹോപകരണ വിപണനമേഖലയിലും ഓണ്‍ലൈന്‍ വില്‍പന രംഗത്തേക്കും ചുവടുവയക്കാനും ഈ കാലഘട്ടത്തില്‍ സപ്ലൈക്കോയ്ക്ക് കഴിഞ്ഞു. എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെ സബര്‍ബന്‍മാളുകള്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
വനം – വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്തെ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മുരിക്കാശ്ശേരിയില്‍ ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിക്ക് വേണ്ടി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഭദ്രദീപം കൊളുത്തി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു. മുരിക്കാശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ആയി ഉയര്‍ത്തുകയായിരുന്നു. മുരിക്കാശ്ശേരി ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് പുതിയ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മിതമായ നിരക്കില്‍ ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കുനുള്ള സൗകര്യമുണ്ട്.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജുവിന് നല്‍കി ആദ്യവില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചന്‍ തോമസ്, മുരിക്കാശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എന്‍ ചന്ദ്രന്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എ അലിയാര്‍, എം.കെ പ്രീയന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി. അജേന്ദ്രന്‍ ആശാരി
എന്നിവര്‍ സംസാരിച്ചു.

#supplyco
#murikkaaseri