കൊല്ലം: ജീവിതത്തിന്റെ മുഴുവന്‍ പ്രതീക്ഷയും അസ്തമിച്ചാണ് കരുനാഗപ്പള്ളി ബിനീഷ് ഭവനത്തിലെ 78 കാരിയായ ശാന്തമ്മ കഴിയുന്നത്. സഹായം പ്രതീക്ഷിച്ചാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തിയത്. വേദിക്കരികില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കിടന്ന ശാന്തകുമാരിയുടെ വേദനയും ദുരിതവും അറിഞ്ഞ മന്ത്രി ജെ മേഴ്സികുട്ടിയമ്മ വേദി വീട്ടിറങ്ങി അരികിലെത്തി. തന്റെ ദുരിതം പറയാന്‍ വാക്കുകള്‍ക്കായി ശാന്തകുമാരി ശ്രമിച്ചെങ്കിലും വര്‍ഷങ്ങളായി ശരീരം തളര്‍ന്നു കിടപ്പിലായ അമ്മയ്ക്ക് അതിന് സാധിച്ചിരുന്നില്ല. തലയില്‍ രക്തം കട്ടപ്പിടിച്ച അവസ്ഥ കൂടി നേരിടുകയാണ് ഇവര്‍. അവസ്ഥ കണ്ടറിഞ്ഞ മന്ത്രി ശാന്തകുമാരിയുടെ മകനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ജനത്തിരക്കിനിടയില്‍ ഇനി ഒരുനിമിഷം പോലും കാത്തു നില്‍ക്കേണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ അടിയന്തിര ധനസഹായമായ 25,000 രൂപ അക്കൗണ്ടില്‍ എത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട തുടര്‍നടപടികളും സഹായവും വേഗം ലഭ്യമാക്കാനും ജില്ലാ കലക്ടറെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്. നന്ദി പറയാന്‍ ശാരീരികാവസ്ഥ അനുവദിച്ചില്ലെങ്കിലും സന്തോഷം നിറഞ്ഞ കണ്ണുനീര്‍ തിളക്കമായിരുന്നു ശാന്തകുമാരിയുടെ കണ്ണില്‍ തെളിഞ്ഞത്.