കോഴിക്കോട്: പേരാമ്പ്ര കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഇന്നൊവേഷൻ ഹബ് പ്രാവർത്തികമാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര മണ്ഡലം വികസന ആശയ വിനിമയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലത്തിലെ യുവ ജനങ്ങളിൽനിന്നും വിദ്യാർഥികളിൽ നിന്നും ക്രിയാത്മക, നൂതന ആശയങ്ങൾ സ്വീകരിച്ച് സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ സംരംഭങ്ങൾ എന്നിവ പ്രാവർത്തികമാക്കാൻ കഴിയത്തക്ക വിധത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കും. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റർജിക് കൗൺസിലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

സർവ്വതല സ്പർശിയായ വികസന നയമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശകലനം നടത്തി വർഷാവർഷം പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി. നാലുവർഷത്തെ പ്രവർത്തി വിലയിരുത്തുമ്പോൾ സർക്കാർ ജനങ്ങൾക്ക് നൽകിയ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും നടപ്പാക്കി. രണ്ടു ഘട്ടങ്ങളായി 100 ദിന കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വിവിധ പദ്ധതികൾ നടപ്പാക്കി. പേരാമ്പ്ര മണ്ഡലത്തിൽ ഇതിനകം സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഉണ്ടായത്. അത് കൂടുതൽ ശക്തിപ്പെടുത്തി പുതിയ വികസന കാഴ്ചപ്പാട് തയ്യാറാക്കുകയാണ് ലക്ഷ്യം. ഭാവി പേരാമ്പ്ര എന്തായിരിക്കണമെന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് തുടർ വികസന പദ്ധതികൾ സംബന്ധിച്ച് ജനപ്രതിനിധികൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരിൽ നിന്നും ആശയങ്ങൾ സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ പങ്കുവെച്ച ആശയങ്ങൾ പരിഗണിച്ചു കൊണ്ട് മുന്നോട്ടുപോകും.

കഴിവുറ്റ വിദ്യാർഥികളെ നമ്മൾ വാർത്തെടുക്കുന്നുണ്ട്. അവരുടെ കഴിവുകൾ ഇവിടെത്തന്നെ ഉപയോഗിക്കണം. അതിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സാംസ്കാരിക മേഖലയിൽ എല്ലാവരെയും കൂട്ടിചേർത്ത് മുന്നോട്ടുപോകും. ചക്കിട്ടപ്പാറയിൽ സ്പോർട്സ് കോംപ്ലസ്‌ പണിയുന്നതിനുള്ള ശ്രമം തുടരുകയാണ്. നിലവിലെ പ്രതിസന്ധികൾ മാറിയാൽ ഉന്നത നിലവാരത്തിലുള്ള കോംപ്ലക്‌സ് ആയിരിക്കുമിത്. സാംസ്‌കാരിക, കായിക, ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നടപ്പാക്കേണ്ടുന്ന വരും കാല പദ്ധതികളിൽ ഇവിടെ ഉന്നയിച്ച ആശയങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.