ഇടുക്കി: ഓരോ പദ്ധതികളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാക്കാണ്. ആ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നതിന്റെ തെളിവുകളാണ് പൂര്‍ത്തീകരിച്ച പദ്ധതികളെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ടൂറിസം വകുപ്പ് അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടുക്കിയിലെ യാത്രി നിവാസ് ഒന്നാം ഘട്ടപദ്ധതിയുടെ ഒരു പൂര്‍ത്തീകരണ ഉദ്ഘാടനവും 3.82 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മാണം ആരംഭിക്കുന്ന യാത്രി നിവാസ് രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഭരണാനുമതി നല്‍കിയ മുന്നൂറോളം ടൂറിസം പദ്ധതികളില്‍ 80 ശതമാനത്തോളം പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചതില്‍ ടൂറിസം വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പാര്‍ക്ക് അങ്കണത്തില്‍ സംഘടിപ്പിച്ച പ്രാദേശിക പരിപാടി റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുള്ള വികസനമാണ് ടൂറിസം മേഖലയിലെതെന്ന് എംഎല്‍എ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.

ടൂറിസം വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇടുക്കിയിലെ വിനോദ സഞ്ചാരികള്‍ക്കും തേക്കടി-മൂന്നാര്‍ പാതയില്‍ സഞ്ചരിക്കുന്ന സഞ്ചാരികള്‍ക്കും ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭംഗി ആസ്വദിച്ചു താമസിക്കുന്നതിനായി വിവിധങ്ങളായ കോട്ടേജുകള്‍ ഡോര്‍മിറ്ററി ഓഫീസ് എന്നിവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍, ഡി.റ്റി.പി.സി എക്‌സി.കമ്മറ്റി അംഗം അനില്‍ കൂവപ്ലാക്കല്‍, ഡി.റ്റി.പി.സി സെക്രട്ടറി ഗിരീഷ് പി.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം ബേബി ഷീജ എന്‍.എസ്, ജേക്കബ് പിണക്കാട്ട്, തുടങ്ങിയവര്‍ പങ്കെടുത്തു.