ഇടുക്കി: കുറ്റിയാര്വാലിയില് പണികഴിപ്പിച്ച 8 വീടുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. പെട്ടിമുടി ദുരിത ബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനച്ചടങ്ങിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെട്ടിമുടി എല്ലാവരുടെയും വേദനയായി മാറിയ സംഭവമാണെന്നും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും, പോലീസും ഫയര്‍ഫോഴ്‌സും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പെട്ടിമുടിയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. മൂന്നാര്‍ ടീ കൗണ്ടിയിലായിരുന്നു താക്കോല്‍ ദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരുന്നത്.
മൂന്നാറിലെ ഉദ്ഘാടന ചടങ്ങിന് ശേഷം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ നേരിട്ടെത്തി താക്കോലുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് പെട്ടിമുടിയില്‍ സംഭവിച്ചതെന്നും ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് തുടര്‍ന്നും ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ തുടര്‍ സഹായങ്ങള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ മേഖലയിലെ ചികിത്സാ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് താലൂക്കാശുപത്രിയുടെ നിലവാരത്തില്‍ പുതിയ ആശുപത്രി നിര്‍മ്മിക്കാന്‍ 55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം വികസനത്തിന് കുതിപ്പേകാന്‍ മൂന്നാറില്‍ ഫ്‌ലൈഓവര്‍ നിര്‍മ്മിക്കുവാന്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു.
ശരണ്യ – അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന്‍ ചക്രവര്‍ത്തി – പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശന്‍-മുരുകേശ്വരി – ഗണേശ്, മാലയമ്മാള്‍-കാര്‍ത്തിക- പ്രവീണ – ജിഗ്‌നേഷ് എന്നി എട്ട് കുടുംബങ്ങള്‍ക്കാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറിയത്.സര്‍ക്കാര്‍ ഓരോ കുടുംബത്തിനും അനുവദിച്ച 5 സെന്റ് ഭൂമിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.രണ്ട് കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് ഒരു വീട്.

മൂന്നാറില്‍ നടന്ന താക്കോല്‍ ദാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി ഓണ്‍ലൈനായി പങ്കെടുത്തു.ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, കെ ഡി എച്ച് പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ മാത്യു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ്, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ, ദേവികുളം തഹസീല്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു കുറ്റിയാര്‍വാലിയില്‍ തറക്കല്ലിട്ട് വീടുകളുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പെട്ടിമുടിയില്‍ മരണമടഞ്ഞവരുടെ തുടര്‍ അവകാശികളെ കണ്ടെത്തി സര്‍ക്കാര്‍ ധനസഹായവും വിതരണം ചെയ്തിരുന്നു.