നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു

ഇടുക്കി: നെടുങ്കണ്ടം മിനി വൈദ്യുത ഭവന്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വൈദ്യുതഭവന്‍ ഹൈറേഞ്ചിന്റെ വികസന മുന്നേറ്റത്തിന് വഴി തെളിക്കുമെന്ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഊര്‍ജ സംരഷണം ലഷ്യംവച്ചാണ് എല്‍ ഇ ഡി ബള്‍ബുകളും, ട്യൂബുകളും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 35 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സൗരോര്‍ജ്ജം, കാറ്റാടി ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി പരമവധി ഊര്‍ജ ഉത്പാദനത്തിനാണ് സര്‍ക്കാര്‍ ശ്രമം. ഊര്‍ജ ഉത്പാദനത്തിനൊപ്പം ഊര്‍ജ സംരക്ഷണത്തിനും വൈദ്യുത ബോര്‍ഡ് പ്രാധാന്യം നല്‍കുന്നുണ്ട്.

സമ്പൂര്‍ണ്ണ വൈദ്യുത വത്കരണം, പവര്‍കട്ടും ലോഡ് ഷസ്സിംഗ് ഒഴിവാക്കുക തുടങ്ങി എല്ലാ പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടപ്പാക്കി. കെ ഫോണ്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാകുകയാണ്. ഇതോടെ ഇന്റര്‍നെറ്റും സാധരണ ജനങ്ങളിലേക്ക് എത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി. നെടുങ്കണ്ടം കല്ലാറില്‍ കെ.എസ് ഇ.ബിയുടെ സ്വന്തം സ്ഥലത്താണ് മിനി വൈദ്യുതി ഭവന്‍ നിര്‍മ്മിക്കുന്നത്. 2.2 കോടി രൂപ മുതല്‍മുടക്കി മൂന്ന് നിലകളിലായാണ് വൈദ്യുതി ഭവന്റെ നിര്‍മ്മാണം. വൈദ്യുത ഭവന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ്ഡിവിഷന്‍, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ട്രാന്‍സ്മിഷന്‍ സബ് ഡിവിഷന്‍ എന്നീ ഓഫീസുകളുടെ പ്രവര്‍ത്തനം മിനി വൈദ്യുതി ഭവനിലേക്ക് മാറും.

നെടുങ്കണ്ടം കിഴക്കേ കവലയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളായ വിജയകുമാരി, നെജീമ സജൂ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍ വിജയന്‍, ജോസ് പാലത്തിനാല്‍, റ്റി.എം ജോണ്‍, സൗത്ത് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ്, കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍, നെടുങ്കണ്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മഹേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.