ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ഇടുക്കി: മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച സെമിനാര്‍ ഹാളിന്റേയും കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്ററിന്റെയും പ്രവര്‍ത്തന ഉദ്ഘാടനവും ചൊവ്വാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡീയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, പിജെ ജോസഫ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു സ്വാഗതം പറയും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍, വാര്‍ഡ് മെമ്പര്‍ ഡോളി രാജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും.

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ.പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പാള്‍ ഗീതാ ദേവി കൃതജ്ഞത പറയും.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 5.61 കോടി രൂപ ചിലവഴിച്ചാണ് പുതിയ സംവീധാനങ്ങള്‍ ഒരുക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സെമിനാര്‍ ഹാള്‍, കോമണ്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി സെന്റര്‍ എന്നിവ 67 ലക്ഷം രൂപാ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 4.94 കോടി രൂപാ ഉപയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. 2954 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ മൂന്ന് നിലകളിലായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല.

1981 ലാണ് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ മുട്ടം ഗവ. പോളിടെക്നിക് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭ ഘട്ടത്തില്‍ ശങ്കരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോളിടെക്നിക് പിന്നീട് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നിലവില്‍ മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്നിങ്ങനെ അഞ്ച് ഡിപ്ലോമ കോഴ്സുകളിലായി 900 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. വിവിധ വിഭാഗങ്ങളിലായി നൂറോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.