മലപ്പുറം:ഉന്നത വിദ്യാഭ്യാസ മേഖയിലേത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സജീവമായപ്പോള്‍ കൃത്യമായ മറുപടി പറഞ്ഞും നിലപാട് അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ‘ സിഎം@ ക്യാമ്പസ്’  സ്റ്റുഡന്റ്‌സ് മീറ്റില്‍ 200 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവ് ഉയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന പ്രതികരണം. സര്‍വകലാശാല ലൈബ്രറികള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും വിദ്യാലയങ്ങളിലെ കെട്ടിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാനാകുന്ന മാതൃകയില്‍ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സര്‍വകലാശാലകളിലും കോളജുകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശുചിമുറി ഒരുക്കും. വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കൂളുകളിലേതു പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തും കൗണ്‍സലര്‍മാരെ നിയമിക്കും. ജൂനിയര്‍ അഭിഭാഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. കോടതികളിലെ നിയമ ലൈബ്രറികള്‍ നവീകരിക്കും. സര്‍ക്കാര്‍ കോളജുകളില്‍ ജേണലിസം ബിരുദബിരുദാനന്തര കോഴ്‌സുകള്‍ തുടങ്ങുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ത്ഥികളുടെ നിര്‍ദേശം കേട്ട മുഖ്യമന്ത്രി നിയമപരമായി സാധ്യമായത് ചെയ്യുമെന്ന് മറുപടി നല്‍കി. റാഗിംഗ് തടയാന്‍ സമഗ്രമായ നിയമം വേണമെന്ന വിദ്യാര്‍ത്ഥികളുടെ നിര്‍ദേശത്തില്‍ സമൂഹിക ബോധമുണരേണ്ട വിഷയമാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍വകലാശാലകളിലെ ഗവേഷണ ഫലം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഫെല്ലോഷിപ്പ് കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും എസ്.സിഎസ്ടി സ്‌കോളര്‍ഷിപ്പ് പ്രായപരിധി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രൈമറി തലത്തില്‍ സ്‌കോളര്‍ഷിപ്പ്, മറൈന്‍ ഇന്‍സിസ്റ്റ്യൂട്ടില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം, പഠനത്തോടൊപ്പം തൊഴില്‍, കോളേജുകളില്‍ ചെറുകിട ഉല്‍പ്പന്ന നിര്‍്മാണ യൂനിറ്റുകള്‍, കണ്ടുപിടുത്തങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായം, ഐ.ടി.ഐകളില്‍ അഗ്രികള്‍ച്ചറല്‍, എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍, മഹാശിലായുഗ കാലത്തെക്കുറിച്ചുള്ള വിശദ പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനകേന്ദ്രം,  ദുരന്ത നിവാരത്തില്‍ പുതിയ കോഴ്‌സ്, സകൂള്‍ തലത്തില്‍ തിയേറ്റര്‍ പഠനം, കലാധ്യാപകര്‍ക്ക് കോഴ്‌സുകള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ അനുഭാവംപൂര്‍വ്വം മുഖ്യമന്ത്രി പരിഗണിച്ചു. ഗോത്രപഠനത്തിന് ഗോത്രവിഭാഗത്തിലുള്ളവരെ പ്രത്യേക അധ്യാപകരായി നിയമച്ചതും കിടപ്പിലായ രോഗികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍, അശരണര്‍ തുടങ്ങിയവരെ സഹായിക്കുന്നതിനായി സാമൂഹിക സേവന സന്നദ്ധ വളണ്ടിയര്‍മാരില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.