നാലരവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നല്‍കിയത് 26561 പട്ടയങ്ങള്‍
മലപ്പുറം: സര്ക്കാരിന്റെ 100 ദിന കര്‍മ്മദിന പരിപാടിയുടെ ഭാഗമായുള്ള ജില്ലയിലെ പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടത്തിയ ഭരണ നടപടികളും ചട്ടഭേദഗതികളുമാണ് ഇത്രയും പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി സംസ്ഥാന തല പട്ടയ വിതരണോദ്ഘാടനവും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും നിര്‍വഹിച്ച് പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത വലിയൊരു ജനകീയ ആവശ്യങ്ങളിലൊന്നായിരുന്നു അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുകയെന്നത്. പതിറ്റാണ്ടുകളായി സാങ്കേതികത്വത്തിലും നിയമകുരുക്കുകളിലുപ്പെട്ട് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയിലൂടെ ഭൂമിയുടെ അവകാശികളായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായി. ചടങ്ങില്‍ വിതരണത്തിന് തയ്യാറായ 1615 പട്ടയങ്ങള്‍ എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാതല ചടങ്ങില്‍ എ.ഡി.എം ഡോ. എം.സി റെജില്‍, സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഒ. ഹംസ, സി.ബിജു, തിരൂര്‍ ആര്‍.ഡി.ഒ അബ്ദുള്‍ നാസര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.